എം പാനൽ : പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി

Kerala-Assembly
SHARE

തിരുവനന്തപുരം∙ കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി എം പാനൽ ജീവനക്കാരുടെ തൊഴിൽ പ്രശ്്നം പരിഹരിക്കാൻ ശ്രമിക്കുമെന്നു നിയമസഭയിൽ മന്ത്രി എ.കെ ശശീന്ദ്രൻ. മന്ത്രിയുടെ വിശദീകരണം പ്രതിപക്ഷത്തെ തൃപ്തരാക്കിയില്ല. പ്രശ്നം കൈകാര്യം ചെയ്തതിലുണ്ടായ പരാജയമാണു കോടതിയുടെ ഇടപെടലിനു വഴിവച്ചെതന്നാരോപിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി.

കെഎസ്ആർടിസിയിൽ വർഷങ്ങളായി ജോലി നോക്കി വന്ന 3861 എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ടതു മനുഷ്യത്വഹീനമായ നടപടിയാണെന്നു അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തനിക്കു മുകളിൽ മുഖ്യമന്ത്രി മാത്രമേയുള്ളുവെന്ന ധരിച്ചു കൊണ്ടു ചെയ്യുന്ന സിഎംഡിയുടെ തൊഴിലാളി വിരുദ്ധ നിലപാടുകളാണു ദോഷകരമാകുന്നത്. മന്ത്രി പറയുന്നത് എംഡി കേട്ടില്ലെങ്കിൽ പിന്നെന്തിനു മന്ത്രി ആ സ്ഥാനത്തു തുടരണം?

സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കളെല്ലാം ഈ നടപടിയെ തള്ളിപ്പറഞ്ഞു. 2010 ഡിസംബറിൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത്് ഇല്ലാത്ത ഷെഡ്യൂളിന്റെയും ബസിന്റെയും എണ്ണം സൃഷ്ടിച്ച് 9310 ഒഴിവുകൾ ചൂണ്ടിക്കാട്ടി പിഎസ്്സിയെ അറിയിച്ചതാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾക്ക് ഇടയാക്കിയതെന്നും തിരുവഞ്ചൂർ പറഞ്ഞു.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ അങ്ങനെയൊരു സാഹചര്യം സംജാതമായതാണെന്നു മന്ത്രി ശശീന്ദ്രൻ വിശദീകരിച്ചു. സർക്കാർ തൊഴിൽ നിയമം കാറ്റിൽ പറത്തിയിട്ടില്ല. എം പാനൽ ജീവനക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ കീഴ്കോടതിയെ സമീപിക്കാനാണു പറഞ്ഞത്. ആ വിധിയുടെ അടിസ്ഥാനത്തിൽ അനുഭാവപൂർണമായ നടപടിക്കു ശ്രമിക്കുമെന്നു മന്ത്രി അറിയിച്ചു.

സമർഥനായ പൊലീസ് ഉദ്യോഗസ്ഥനായ ടോമിൻ തച്ചങ്കരിയെ കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നു മാറ്റി അങ്ങോട്ട് തിരികെ അയയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെഎസ്ആർടിസിയുടെ കടം 4000 കോടിയായി ഉയർന്നതായും അദ്ദേഹം ആരോപിച്ചു. കക്ഷിനേതാക്കളായ എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ്് ജേക്കബ്്, ഒ. രാജഗോപാൽ എന്നിവരും പ്രസംഗിച്ചു 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA