Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലുന്ന പ്ലാസ്റ്റിക്കിനു വിലക്കു വരുന്നു

x-default

തിരുവനന്തപുരം ∙ സംസ്ഥാനത്തു പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിക്കാൻ സർക്കാർ തയാറാകുന്നു. ഏതൊക്കെ പ്ലാസ്റ്റിക് ഉൽപന്നങ്ങളാണു നിരോധിക്കേണ്ടതെന്നു കണ്ടെത്തി പട്ടിക സമർപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ കെ.സജീവൻ അധ്യക്ഷനായി സാങ്കേതിക സമിതി രൂപീകരിച്ചു. ഫെബ്രുവരി 15നു മുൻപു പട്ടിക സഹിതമുള്ള റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കണം. തുടർന്നു നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കും.

തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം വ്യവസ്ഥകളോടെ നിരോധിച്ചിട്ടുണ്ടെങ്കിലും സർക്കാർ നേരിട്ട് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ പട്ടിക തയാറാക്കുന്നതും വിൽപന വിലക്കുന്നതും ആദ്യമാണ്. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വൻതോതിലുള്ള ഇറക്കുമതിയും അമിത ഉപയോഗവും മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും കടുത്ത ആരോഗ്യ ഭീഷണി ഉയർത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു സർക്കാർ കർശന നിലപാടിലേക്കു നീങ്ങുന്നത്.

ഒറ്റത്തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ മുഴുവൻ നിരോധിച്ചു പകരം പുനഃരുപയോഗിക്കാവുന്നവയെ പ്രോൽസാഹിപ്പിക്കുക എന്ന പൊതുവികാരം കഴിഞ്ഞ മാസം 11നു ചീഫ് സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിലുണ്ടായി. എന്നാൽ, കണ്ണുമടച്ചുള്ള നിരോധനം പ്രായോഗികമാകില്ലെന്നു കണ്ടാണു നിരോധിക്കേണ്ട ഉൽപന്നങ്ങളുടെ പട്ടിക തയാറാക്കുന്നത്. പരിസ്ഥിതി വിദഗ്ധൻ പി.കലൈഅരശൻ, വ്യവസായ അഡിഷനൽ ഡയറക്ടർ കെ.എസ്.പ്രദീപ്കുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് ടെക്നോളജി പ്രതിനിധി, കേരള പ്ലാസ്റ്റിക് മാനുഫാക്ചറിങ് അസോസിയേഷൻ പ്രതിനിധി എന്നിവരാണു സമിതി അംഗങ്ങൾ.

50 മൈക്രോണിൽ കുറവുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കു സംസ്ഥാനത്തു നിലവിൽ നിരോധനമുണ്ട്. എന്നാൽ, എത്ര മൈക്രോൺ എന്നതു പോലും കണക്കിലെടുക്കാതെ പൂർണമായി നിരോധിക്കേണ്ട ഉൽപന്നങ്ങളുടെ പട്ടിക തയാറാക്കാനാണു സമിതിക്കു നൽകിയ പരിഗണനാ വിഷയങ്ങളിൽ സർക്കാർ നിർദേശിച്ചിരിക്കുന്നത്. നിരോധിക്കുന്ന ഉൽപന്നങ്ങൾക്കു പകരം പരിഗണിക്കാവുന്ന പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളും സമിതി നിർദേശിക്കണം. പരിസ്ഥിതിക്കു വൻഭീഷണി ഉയർത്തുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കണ്ടെത്താൻ ഹ്രസ്വകാല സർവേയും ആലോചിക്കുന്നുണ്ട്.