Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവീസിൽ കയറി അവധിയെടുത്തു മുങ്ങിയ ഡോക്ടർമാർക്കെതിരെ നടപടി തുടങ്ങി

Doctor

കോഴിക്കോട് ∙ ജോലിക്കു ഹാജരാകാതെ മുങ്ങി നടക്കുന്ന സർക്കാർ മെഡിക്കൽ കോളജുകളിലെയും ഡെന്റൽ കോളജുകളിലെയും ഡോക്ടർമാർക്കെതിരെ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. നോട്ടിസ് നൽകിയിട്ടും പ്രതികരിക്കാതിരുന്ന ഡോക്ടർമാരിലൊരാളെ സർവീസിൽനിന്നു നീക്കം ചെയ്ത് ഉത്തരവിറങ്ങി. അനധികൃതമായി അവധിയെടുത്തു മുങ്ങിയ 50 ഡോക്ടർമാരിൽ 9 പേർ മാത്രമാണു സർക്കാർ നൽകിയ നോട്ടിസിനോടു പ്രതികരിച്ചത്. ബാക്കി 41 പേരെയും പിരിച്ചുവിടുന്നതിന്റെ ഭാഗമായിട്ടാണ് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടറെ പുറത്താക്കി ഉത്തരവിറങ്ങിയത്. 

സർക്കാർ വകുപ്പിൽ ജോലി ലഭിച്ചശേഷം അനധികൃതമായി അവധിയെടുത്തു വിദേശത്തു പോവുകയോ സ്വകാര്യ മേഖലയിൽ ജോലി തേടുകയോ ചെയ്ത ഡോക്ടർമാർക്കെതിരെയാണു നടപടി. ഇത്തരത്തിൽ 50 പേർ മെഡിക്കൽ കോളജുകളിലും ഡെന്റൽ കോളജുകളിലുമായി സംസ്ഥാനത്തുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇവർക്കെതിരെ നടപടിയെടുക്കാൻ കേരള സർവീസ് ചട്ടങ്ങൾ പ്രകാരം തീരുമാനമെടുക്കുകയും ചെയ്തു. ആദ്യഘട്ടമായി അവർക്കു നോട്ടിസ് നൽകി. നടപടിയെടുക്കുമെന്നറിയിച്ചു പത്രങ്ങളിൽ പരസ്യവും നൽകി. 9 ഡോക്ടർമാർ മാത്രമാണു നോട്ടിസിനോടു പ്രതികരിച്ചത്.

ജോലിയിൽ തിരികെ പ്രവേശിക്കാൻ സമ്മതമാണെന്നറിയിച്ചവർക്ക് അതിന് അനുവാദം നൽകി. ബാക്കിയുള്ളവരെ പിരിച്ചുവിടുന്ന കാര്യത്തിൽ പിഎസ്‍സിയുടെ നിർദേശപ്രകാരമാണു നടപടി തുടങ്ങിയത്. 2013 ഡിസംബർ 31 മുതൽ ജോലിയിൽനിന്നു വിട്ടുനിൽക്കുന്ന ഡോക്ടർക്കെതിരെയാണു കഴിഞ്ഞ ദിവസം നടപടിയുണ്ടായത്.