പ്രതിഷേധം: ആദിവാസി വനിതാ നേതാവ് യാത്ര പൂർത്തിയാക്കാതെ മടങ്ങി

ശബരിമല ദർശനത്തിനു വയനാട് നിന്നെത്തിയ ആദിവാസി വനിതാ നേതാവ് കെ.അമ്മിണി എരുമേലിയിൽ.

പൊൻകുന്നം, എരുമേലി ∙ ശബരിമല ദർശനത്തിനു വയനാട് നിന്നെത്തിയ ആദിവാസി വനിതാ നേതാവ് കെ. അമ്മിണി (44) പമ്പയ്ക്കുള്ള വഴിയിൽ കണമലയ്ക്കു സമീപം മുട്ടപ്പള്ളിയിൽ യാത്ര മതിയാക്കി മടങ്ങി. എരുമേലിയിൽ നിന്ന് പമ്പയ്ക്കുള്ള വഴിയിൽ എട്ടു കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് യാത്ര ഉപേക്ഷിച്ചത്.

ഇന്നലെ രാവിലെ 9 മണിയോടെ പൊൻകുന്നം ഒന്നാം മൈൽ വരെ കാറിൽ എത്തിയ ഇവരെ സംഘർഷ സാധ്യത ബോധ്യപ്പെടുത്താൻ പൊൻകുന്നം പൊലീസ് ശ്രമിച്ചിരുന്നു. പ്രതിഷേധവുമായി കർമ സമിതി പ്രവർത്തകരും എത്തിയതോടെ പൊലീസ് സംരക്ഷണയിൽ പാലായിലേക്കു മടങ്ങി. കൂടുതൽ പേർ എത്തുമെന്നും ഒന്നിച്ചു ശബരിമല യാത്ര തുടരുമെന്നും അറിയിച്ച ഇവർ അര മണിക്കൂറിനു ശേഷം വീണ്ടും യാത്ര തുടങ്ങി. പിന്തുണയുമായി സിപിഐ (എം.എൽ-റെഡ്സ്റ്റാർ) സംഘവും ഉണ്ടായിരുന്നു. പൂവരണിയിൽ ശബരിമല കർമ സമിതി പ്രവർത്തകർ ഇവരെ വീണ്ടും തടഞ്ഞു. പ്രതിഷേധക്കാരിൽ നിന്നു രക്ഷപ്പെടുത്തി കൂടുതൽ പൊലീസ് അകമ്പടിയിൽ മുട്ടപ്പള്ളി വരെ എത്തിയെങ്കിലും പൊലീസ് സാഹചര്യം പറഞ്ഞു മനസ്സിലാക്കിയതോടെ അമ്മിണി തിരികെ എരുമേലിയിലേക്കു മടങ്ങുകയായിരുന്നു.

കൊരട്ടിപ്പാലം– കണ്ണിമല– പേരൂർത്തോട്– ഇരുമ്പൂന്നിക്കര– മുക്കൂട്ടുതറ വഴിയാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. വീണ്ടും ശബരിമലയ്ക്കു പോകണമെന്നു പറഞ്ഞെങ്കിലും പമ്പയിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ പൊലീസ് കാണിച്ചു. രണ്ടു മണിക്കൂറോളം സ്റ്റേഷനിൽ കാത്തിരുന്ന അവർ പിന്നീട് യാത്ര ഉപേക്ഷിക്കുകയായിരുന്നു.

ഇതിനിടെ രണ്ടു പേർ മനുഷ്യാവകാശ പ്രവർത്തകരെന്ന പേരിൽ സ്റ്റേഷനിൽ എത്തി അമ്മിണിയെ കണ്ടു. കർമസമിതി പ്രവർത്തകർ ചോദ്യം ചെയ്തതോടെ ഇവർ പിൻവാങ്ങി. ശനിയാഴ്ച വയനാട്ടിൽ നിന്നു കോട്ടയത്ത് സുഹൃത്തിന്റെ വീട്ടിൽ തങ്ങിയ അമ്മിണി കെട്ടു നിറച്ച ശേഷമാണ് യാത്ര തുടങ്ങിയത്. പൊലീസ് തനിക്കു മതിയായ സംരക്ഷണം നൽകിയില്ലെന്ന് അവർ ആരോപിച്ചു. ഇന്നു ജില്ലാ പൊലീസ് മേധാവിയെക്കണ്ട് ശബരിമലയിൽ പോകാൻ സംരക്ഷണം ആവശ്യപ്പെടുമെന്ന് അവർ പറഞ്ഞു.