കെ.ടി.ജലീലിന്റെ ബന്ധുനിയമനം: കോടതിയിൽ മുഖംരക്ഷിക്കാൻ അടിയന്തര വിജ്ഞാപനം

കണ്ണൂർ ∙ മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമന വിവാദത്തെ തുടർന്ന് ഒഴിവുവന്ന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ തസ്തിക നികത്താൻ അടുത്തയാഴ്ച വിജ്ഞാപനം ഇറക്കും. തഴയപ്പെട്ട ഉദ്യോഗാർഥിയുടെ ഹർജി ജനുവരി ആദ്യവാരം ഹൈക്കോടതിയിൽ എത്താനിരിക്കെയാണു തിരക്കിട്ട നീക്കം.

മന്ത്രിയുടെ ബന്ധുവും സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനുമായ കെ.ടി.അദീബ് വിവാദത്തെ തുടർന്നു നവംബർ 12നു രാജിവച്ചിരുന്നു. യോഗ്യതയുണ്ടായിട്ടും നിയമനം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാൻ തഴയപ്പെട്ട ഉദ്യോഗാർഥി തീരുമാനിച്ചിട്ടുണ്ട്. കോടതിയിൽ നിന്നു സർക്കാരിനെതിരെ പരാമർശമുണ്ടായേക്കാമെന്ന ആശങ്കയിലാണ് അടിയന്തര വിജ്ഞാപനമിറക്കുന്നത്. ആരോപണവിധേയനെ പിരിച്ചുവിട്ടെന്നും പകരം ആളെ നിയമിക്കാൻ നടപടി തുടങ്ങിയെന്നും കോടതിയെ ബോധ്യപ്പെടുത്താനാണിത്.

ഒരു വർഷത്തേക്കു ഡപ്യൂട്ടേഷനിൽ തന്നെ നിയമനം നടത്താനാണ് ആലോചന. വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തില്ലെങ്കിലും യോഗ്യതയുടെ വിശദാംശങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും. റെഗുലർ കോഴ്സ്, തുല്യത സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് ആരോപണമുണ്ടായിരുന്നു. 2016 ഒക്ടോബറിൽ കൂടിക്കാഴ്ച നടത്തിയ ശേഷം ആരെയും നിയമിക്കാതെ രണ്ടു വർഷം ഒഴിച്ചിട്ട തസ്തികയിലേക്കാണ് അദീബിന്റെ രാജിയുടെ തൊട്ടു പിന്നാലെ പുതിയ വിജ്ഞാപനം ഇറക്കുന്നത്. കോർപറേഷൻ എംഡിയുടെ കാലാവധി കഴിഞ്ഞു മാസങ്ങളായി. 11 താൽക്കാലിക ജീവനക്കാരുടെ കാലാവധി അടുത്ത മാസം കഴിയും. എന്നാൽ ഈ തസ്തികകളിലേക്കൊന്നും പകരം നിയമനത്തിനു നടപടിയായിട്ടില്ല.