Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎഫ് പെൻഷൻ: പ്രത്യേകാനുമതി ഹർജിക്ക് ഇപിഎഫ്ഒ

കോഴിക്കോട് ∙  എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാർക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകുന്നതിനെ അനുകൂലിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി (എസ്എൽപി ) നൽകാൻ തീരുമാനിച്ചതായി ഇപിഎഫ്ഒ വിജ്ഞാപനം. റീജനൽ പിഎഫ് കമ്മിഷണർമാർക്ക് അയച്ച സർക്കുലറിൽ,  ഹൈക്കോടതി വിധിയെ തുടർന്നുണ്ടായ സാഹചര്യം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ അന്വേഷണവുമായി എത്തുന്ന വരിക്കാരോടും പെൻഷൻകാരോടും പിഎഫ് ഓഫിസുകളിലെ ഉദ്യോഗസ്ഥർ അനുകമ്പയോടെ പെരുമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.

2018 ഒക്ടോബർ 12ലെ കേരള ഹൈക്കോടതി വിധി  1995ലെ എംപ്ലോയീസ് പെൻഷൻ സ്കീമിനെ കാര്യമായി ബാധിക്കുമെന്നും വിധിയുടെ വിവിധ വശങ്ങൾ പാനൽ അഭിഭാഷകരുമായി ചർച്ച ചെയ്ത ശേഷമാണ് എസ്എൽപി ഫയൽ ചെയ്യാൻ തീരുമാനിച്ചതെന്നും പറയുന്നു.  ഹൈക്കോടതി ഉത്തരവിലെ പ്രസക്ത ഭാഗങ്ങളായി ഇപിഎഫ്ഒ ചൂണ്ടിക്കാട്ടുന്നത് 4 കാര്യങ്ങളാണ്.

1. 2014 ഓഗസ്റ്റ് 22ന് ഇപിഎഫ്ഒ പുറപ്പെടുവിച്ച ഭേദഗതി വിജ്ഞാപനം റദ്ദാക്കി.

2. ഇതു സംബന്ധിച്ച്  പിഎഫ് അധികൃതർ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ തുടർ ഉത്തരവുകളും നടപടികളും റദ്ദാക്കി.

3. യഥാർഥ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഫണ്ടിലേക്ക് വിഹിതം സ്വീകരിക്കാൻ വരിക്കാർ ജോയിന്റ് ഓപ്ഷൻ നൽകുന്നതു വിലക്കിയ ഇപിഎഫ്ഒ നടപടി റദ്ദാക്കി.

4. ഇപിഎഫ് സ്കീമിലെ ഖണ്ഡിക 26 പ്രകാരം ജോയിന്റ് ഓപ്ഷൻ നൽകുന്നതിന് കാലപരിധി ബാധകമാക്കാതെ വരിക്കാർക്ക് അനുമതി നൽകി.