തുടർ തോൽവികൾ; രാഹുലിന്റെ പേര് ഗിന്നസ് ബുക്കിൽ ചേർക്കണമെന്ന് ആവശ്യം

ഭോപ്പാൽ ∙ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നിരവധി തവണ വാർത്തകളിൽ ഇടംനേടിയിട്ടുണ്ടെങ്കിലും ഇത്തവണ അതിൽ നിന്നെല്ലാം അൽപം വ്യത്യസ്തമാണ് കാര്യം. രാജ്യത്തു നടന്ന 27 തിരഞ്ഞെടുപ്പുകളിലും തോൽവി ഏറ്റുവാങ്ങേണ്ടിവന്ന രാഹുലിന്റെ പേര് ഗിന്നസ് റെക്കോർഡ് ബുക്കിൽ ചേർക്കണമെന്നാണ് ആവശ്യം. മധ്യപ്രദേശിൽ നിന്നുള്ള എൻജിനിയറിങ് വിദ്യാർഥി വിശാൽ ദിവാന്റേതാണ് വ്യത്യസ്തമായ ഈ ആവശ്യം.

തന്റെ അപേക്ഷ ഗിന്നസ് ബുക്ക് ഒാഫ് വേൾഡ് റെക്കോർഡ് സ്വീകരിച്ചുവെന്നും യുവാവ് അറിയിച്ചു. ഗിന്നസ് ബുക്കിൽ പേരുവരാൻ അഞ്ചുവർഷത്തിനുള്ളിൽ ഇത്രയും തോൽവികൾ മതിയെന്നാണ് യുവാവിന്റെ പക്ഷം. കോണ്‍ഗ്രസ് തുടരെ തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നതിനു കാരണം പ്രചരണ പരിപാടികളിലും വാര്‍ത്താ സമ്മേളനങ്ങളിലുമുള്ള രാഹുലിന്റെ സജീവ സാന്നിദ്ധ്യമാണെന്ന അഭിപ്രായക്കാരനാണ് വിശാല്‍.

രാഹുൽ കോൺഗ്രസ് ഉപാധ്യക്ഷനായ ശേഷം പാർട്ടി 27 തിരഞ്ഞെടുപ്പുകളിൽ തോറ്റു. ഈ തോൽവികളിൽ നിന്നും രാഹുലിന് ഒളിച്ചോടാൻ കഴിയില്ല. അദ്ദേഹം ഗാന്ധി കുടുംബത്തിന്റെ ഭാഗമാണ്. രാജ്യാന്തരതലത്തിൽ രാഹുൽ ഗാന്ധിക്ക് അൽപ്പം ‘പ്രശസ്തി’ നേടിക്കൊടുക്കാനുമാണ് തന്റെ ശ്രമമെന്നും വിശാൽ പറഞ്ഞു. എന്നാൽ അപേക്ഷ സ്വീകരിച്ചോ ഇല്ലയോ എന്നകാര്യം ഗിന്നസ് ബുക്ക് അധികൃതർ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.