സോണിയയ്ക്കും രാഹുലിനും വൻ തിരിച്ചടി; ആദായനികുതി അന്വേഷണം

ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും വൻ തിരിച്ചടി. ഇരുവർക്കുമെതിരെ ആദായനികുതി വകുപ്പിന് അന്വേഷണം നടത്താമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി നൽകിയ കേസിലാണ് വിധി. സോണിയയ്‌ക്കും രാഹുലിനും പുറമേ മോട്ടിലാൽ വോറ, ഓസ്‌കർ ഫെർണാണ്ടസ്, സാം പിത്രോദ, സുമൻ ദുബേ തുടങ്ങിയവരും പ്രതികളാണ്.

അസോഷ്യേറ്റഡ് ജേണൽസ് എന്ന കമ്പനിയുടെ ആസ്തികൾ, യങ് ഇന്ത്യൻ എന്ന പുതിയ കമ്പനിക്കു കൈമാറിയതിൽ സാമ്പത്തിക തിരിമറിയും ക്രമക്കേടുമുണ്ടെന്നാണു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ സ്വകാര്യ അന്യായം. കടക്കെണിയിൽ കുടുങ്ങി 2008ൽ നിന്നുപോയ നാഷനൽ ഹെറൾഡ് ദിനപത്രം പ്രസിദ്ധീകരിച്ചുവന്നത് അസോഷ്യേറ്റഡ് ജേണൽസാണ്. സോണിയയും രാഹുലും യങ് ഇന്ത്യൻ കമ്പനി എന്നൊരു സ്‌ഥാപനമുണ്ടാക്കി നാഷനൽ ഹെറൾഡ് പുനരുജ്‌ജീവിപ്പിക്കാൻ ശ്രമിച്ചു. യങ് ഇന്ത്യൻ കമ്പനി, കോൺഗ്രസിന്റെ 50 ലക്ഷം രൂപ മുടക്കി അസോസിയേറ്റഡ് ജേണലിനെ ഏറ്റെടുത്തു. സോണിയയും രാഹുലും മറ്റ് അഞ്ചുപേരും ഇതുവഴി വമ്പിച്ച ക്രമക്കേടു നടത്തിയെന്നാരോപിച്ച് സുബ്രഹ്‌മണ്യൻ സ്വാമിയാണ് കോടതിയെ സമീപിച്ചത്.

50 ലക്ഷം രൂപമുടക്കി ഏതാണ്ട് 2000 കോടി രൂപ ആസ്‌തിയുള്ള നാഷനൽ ഹെറൾഡിന്റെ വസ്‌തുവകകൾ സ്വന്തമാക്കി, കോൺഗ്രസ് പാർട്ടിക്കു നികുതി ഇളവ് അനുവദിച്ച തുക വസ്‌തു ഇടപാടിനായി നൽകി ആദായനികുതി വകുപ്പിനെ കബളിപ്പിച്ചു എന്നീ കുറ്റങ്ങളാണു സ്വാമി ഹർജിയിൽ ആരോപിക്കുന്നത്. സ്വന്തം നിയന്ത്രണത്തിലുള്ള കമ്പനിക്കു വായ്പ നൽകിയതിൽ തെറ്റില്ലെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കോൺഗ്രസും വാദിക്കുന്നു.