ബസുകൾ നന്നാക്കാൻ കാശില്ല; നഷ്ടത്തിൽ മുങ്ങി കെയുആർടിസി

തിരുവനന്തപുരം∙ കെയുആർടിസിക്കു കൂടുതൽ സാമ്പത്തിക ബാധ്യത സൃഷ്ടിച്ച് ലോഫ്ലോർ ബസ്സുകൾ. അറ്റകുറ്റപ്പണിക്കു പണമില്ലാത്തതിനാൽ ഗ്യാരേജുകളിലുള്ളത് 199 ലോഫ്ലോർ ബസുകൾ. ഇതിൽ 69 എണ്ണം എസി ബസുകളാണ്.

ലോഫ്ലോർ എസി ബസുകളുടെ പാർട്സുകൾ നൽകേണ്ടതു വോൾവോ കമ്പനിയാണ്. പാർട്സുകൾ വാങ്ങിയ ഇനത്തിൽ വോൾവോയ്ക്കു നൽകേണ്ട മൂന്നു കോടിയിലധികം രൂപ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു നൽകാൻ കഴിഞ്ഞില്ല. ഇതോടെ പാർട്സുകൾ നൽകുന്നതു കമ്പനി നിർത്തി. ആകെയുള്ള 199 ബസുകൾ അറ്റകുറ്റപ്പണിക്കു കയറ്റിയതോടെ കെയുആർടിസിയുടെ പ്രതിദിന നഷ്ടം 12 ലക്ഷം രൂപയാണ്.

വലിയ നഷ്ടമാണു കഴിഞ്ഞ രണ്ടു മാസത്തിനിടെ കെയുആർടിസിക്ക് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ മാസത്തിലെ കണക്കനുസരിച്ചു ആകെയുള്ള 6,79 ബസ്സുകളിൽ 131 എസി ബസുകളും 240 നോൺ എസി ബസുകളുമാണു കെയുആർടിസി പ്രവർത്തിപ്പിച്ചത്. എസി സർവീസുകളിൽനിന്ന് 18,494 രൂപയും, നോൺ എസി ബസുകളിൽനിന്ന് 9,237 രൂപയും ശരാശരി വരുമാനം ലഭിച്ചു. സാങ്കേതിക കാരണങ്ങളാൽ പ്രതിദിനം 45 എസി ബസുകളും 115 നോൺ എസി ബസുകളും സർവീസ് നടത്താൻ കഴിഞ്ഞിരുന്നില്ല. വരുമാനത്തിലെ കുറവ് 8,59,494 രൂപയായിരുന്നു. ഇതാണിപ്പോൾ വർധിച്ച് 12 ലക്ഷംരൂപയായത്.

ലോഫ്ലോർ ബസുകളും എസി ബസുകളും അറ്റകുറ്റപ്പണി ചെയ്യുന്നതിനുള്ള സംവിധാനം കെയുആർടിസിക്കുണ്ടെന്നും എസി ബസുകളിലെ പാർട്സുകൾ ലഭിക്കാനാണു ബുദ്ധിമുട്ടെന്നും കെയുആർടിസി അധികൃതർ വ്യക്തമാക്കുന്നു.

‘അൻപത് എസി ബസ്സുകൾക്കു പാർട്സുകൾ വാങ്ങാനുള്ള പണം ഇന്ന് അനുവദിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ പണം അനുവദിക്കുമെന്നാണു പ്രതീക്ഷിക്കുന്നത് – കെയുആർടിസി അധികൃതർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

നഗരഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി പ്രകാരം 2008ലാണ് സംസ്ഥാനത്തിനു ലോഫ്ലോർ എസി ബസുകൾ അനുവദിച്ചത്. 2014ലാണ് ഈ ബസുകളുടെ പ്രവർത്തനത്തിനായി കെയുആർടിസി രൂപീകരിച്ചത്.