കുട്ടികള്‍ക്കും മുതിർന്ന പൗരൻമാർക്കും പാസ്പോർട്ട് അപേക്ഷയിൽ ഫീസിളവ്

ന്യൂഡൽഹി ∙ പാസ്പോർട്ടിന് അപേക്ഷിക്കുന്ന കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും ഇനിമുതൽ ഫീസിളവ് നൽകുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. എട്ടു വയസ്സിൽ താഴെയുള്ളവരുടെയും 60 വയസ്സിനു മുകളിലുള്ളവരുടെയും പാസ്പോർട്ട് അപേക്ഷാ ഫീസിലാണ് ഇളവ് അനുവദിക്കുക. പാസ്പോർട്ടുകളിൽ ഇംഗ്ലീഷിൽ മാത്രം വിവരങ്ങൾ രേഖപ്പെടുത്തുന്ന രീതിമാറ്റി ദേശീയ ഭാഷയായ ഹിന്ദിയിലും വിവരങ്ങൾ രേഖപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

1967ലെ പാസ്പോർട്ട് നിയമത്തിന്റെ 50–ാം വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ പരിപാടിയിൽ പ്രസംഗിക്കുമ്പോഴാണ് സുഷമ സ്വരാജ് ഇക്കാര്യങ്ങൾ അറിയിച്ചത്. പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ 2016 ഡിസംബറിൽ ലഘൂകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.