നിതീഷ് കുമാറിന്റെ ചേരിമാറ്റത്തിനെതിരെ ശരദ് യാദവ്; ജെഡിയുവിൽ വിമതപ്പട

ന്യൂഡൽഹി∙ അപ്രതീക്ഷിത നാടകീയ നീക്കത്തിലൂടെ മുന്നണിമാറി വീണ്ടും മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ നീക്കത്തിൽ ജെഡിയുവിൽ ഉരുൾപൊട്ടൽ. നിതീഷിന്റെ ചേരിമാറ്റത്തിൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് യാദവിനു കടുത്ത എതിർപ്പുണ്ടെന്നാണു സൂചന. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ശരദ് യാദവ് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. വൈകിട്ട് ജെഡിയു നേതാക്കളുടെ പ്രത്യേക യോഗം അദ്ദേഹം വസതിയിൽ വിളിച്ചിട്ടുണ്ട്. 

തന്നെ അനുകൂലിക്കുന്ന നേതാക്കളുടേയും എംപിമാരുടെയും അടിയന്തരയോഗമാണു ശരദ് യാദവ് വിളിച്ചിരിക്കുന്നത്. നിതീഷിന്റെ നീക്കത്തിൽ പരസ്യമായി എതിർപ്പ് അറിയിച്ച എംപിമാരായ അലി അൻവർ, എം.പി. വീരേന്ദ്ര കുമാർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. പാർട്ടി കേരളാഘടകം അധ്യക്ഷൻ കൂടിയാണു വീരേന്ദ്ര കുമാർ. നിതീഷിനൊപ്പമില്ലെന്നു വീരേന്ദ്ര കുമാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. ആർജെഡി–കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഉപേക്ഷിച്ചു ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുമായി ചേരാനുള്ള നിതീഷിന്റെ തീരുമാനത്തിൽ പാർട്ടി പ്രവർത്തകരും അസംതൃപ്തരാണ്.  

മഹാസഖ്യത്തിൽനിന്നു പിൻമാറിയതും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതും എൻഡിഎ പിന്തുണ തേടിയതുമൊന്നും ശരദ് യാദവിനെ നിതീഷ് കുമാർ അറിയിച്ചിട്ടില്ലെന്നു അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ പറഞ്ഞു. ബിഹാറിലെ രാഷ്ട്രീയ സംഭവ വികാസങ്ങളിൽ ശരദ് യാദവ് മൗനം പാലിച്ചതും ചർച്ചയായിരുന്നു. രാവിലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും ശരദ് യാദവ് വിട്ടുനിന്നതു പ്രതിഷേധ സൂചകമാണെന്നു കരുതുന്നു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ–ജെഡിയു സർക്കാർ വെള്ളിയാഴ്ച വിശ്വാസവോട്ട് നേടാനിരിക്കെയാണു ശരദ് യാദവ് യോഗം വിളിച്ചത്. ലാലു പ്രസാദ് യാദവിന്റെ ആർജെഡിയാണു സഭയിലെ ഏറ്റവും വലിയ കക്ഷി. 243 അംഗ നിയമസഭയിൽ ആർജെഡിക്ക് 80 എംഎൽഎമാരുണ്ട്. ജെഡിയുവിന് 71, എൻഡിഎ മുന്നണിക്ക് 58 എന്നിങ്ങനെയാണു കക്ഷിനില. കേവല ഭൂരിപക്ഷത്തിന് 122 വോട്ട് വേണം. ശരദ് യാദവ് അനുകൂലികൾ നിതീഷിന് എതിരായി വോട്ട് ചെയ്താൽ സർക്കാർ നിലംപൊത്തും.