Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഅദനിക്ക് കേരളത്തിൽ സുരക്ഷയൊരുക്കാം; കർണാടകത്തിന് പിണറായിയുടെ കത്ത്

Abdul-Nasser-Madani

തിരുവനന്തപുരം ∙ സുപ്രീം കോടതി അനുവദിച്ചതു പ്രകാരം മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട താങ്ങാനാവാത്ത തുക കുറച്ചുനല്‍കണമെന്നും പിണറായി കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരു ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മഅദനിക്ക് വൃദ്ധരായ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കിയിരുന്നു. ഓഗസ്റ്റ് 9നു നടക്കുന്ന മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതിയും അനുമതി നല്‍കി. എന്നാല്‍ മാനുഷിക പരിഗണനയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ നിഷ്ഫലമാക്കുന്ന നിബന്ധനയാണ് ഇതു സംബന്ധിച്ച് കര്‍ണാടക പൊലീസ് ഏര്‍പ്പെടുത്തിയത്. മഅദനിയുടെ കേരളത്തിലേക്കുളള യാത്രയ്ക്ക് സുരക്ഷാ ചെലവായി കര്‍ണാടക പൊലീസിന് 14.29 ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യം. മഅദനി കേരളം സന്ദര്‍ശിക്കുന്നത് തടയുകയാണ് ഈ നീക്കത്തിന് പിന്നിലെന്ന് സംശയിക്കണം.

2013നും 2016നും ഇടയ്ക്ക് മൂന്നു തവണ മഅദനി വിചാരണത്തടവുകാരനായി കേരളം സന്ദര്‍ശിച്ചിരുന്നു. ആദ്യ രണ്ടു തവണയും മഅദനിയില്‍നിന്നും പണമൊന്നും ഈടാക്കിയില്ല. മൂന്നാം തവണ അമ്പതിനായിരം രൂപ അടപ്പിച്ചു. ഇപ്പോള്‍ ചോദിക്കുന്ന തുക വളരെ കൂടിയതും മഅദനിക്ക് നീതി നിഷേധിക്കുന്നതിന് തുല്യവുമാണ്.

കേരളത്തിനകത്തെ സുരക്ഷാ ചുമതല സംസ്ഥാനം ഏറ്റെടുക്കാന്‍ തയാറാകുന്ന സാഹചര്യത്തില്‍ കര്‍ണാടക പൊലീസിന് അധികം ചെലവു വരില്ല. അതിനാല്‍ ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ട തുക കുറച്ചു നല്‍കണമെന്നും സുപ്രീം കോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് മഅദനിക്ക് മാതാപിതാക്കളെ സന്ദര്‍ശിക്കാനും മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനും അവസരം നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

related stories