Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനകമലയിലെ ഐഎസ് യോഗം; പണമെത്തിച്ചയാളെ പ്രതിചേർത്ത് അധിക കുറ്റപത്രം

kanakamala-29-3-2017-1 കണ്ണൂർ പെരിങ്ങത്തൂർ കനകമലയിൽ എൻഐഎ നടത്തിയ മിന്നൽ പരിശോധനയിൽ ഐഎസ് ബന്ധമുള്ളവരെ ഡിവൈഎസ്പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം വാഹനത്തിൽ കയറ്റുന്നു (ഫയൽ ചിത്രം).

കൊച്ചി ∙ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റു (ഐഎസ്)മായി ബന്ധമുള്ളവർ കണ്ണൂർ പെരിങ്ങത്തൂർ കനകമലയിൽ രഹസ്യയോഗം ചേർന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അധിക കുറ്റപത്രം സമർപിച്ചു. ഗൾഫിൽനിന്ന് പ്രതികൾക്ക് സാമ്പത്തിക സഹായം എത്തിച്ച മൊയ്നുദ്ദീൻ പാറക്കടവത്തിനെ പ്രതി ചേർത്താണ് അധികകുറ്റപത്രം സമർപ്പിച്ചത്. നേരത്തെ, ഇതേകേസിൽ എൻഐഎ എട്ടു പ്രതികൾക്കെതിരെ രണ്ടു കുറ്റപത്രങ്ങൾ സമർപിച്ചിരുന്നു. 

കേസിലെ പ്രതിയായ സ്വാലിഹ് മുഹമ്മദിന് തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഒരിക്കൽ ഒഴിവാക്കപ്പെട്ട മൊയ്നുദ്ദീനെ കേസിൽ വീണ്ടും പ്രതിചേർത്തത്. ഗൾഫിലായിരുന്ന മൊയ്നുദ്ദീനെ നാടുകടത്തപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് എൻെഎഎ അറസ്റ്റു ചെയ്തത്. 

സംഘത്തിൽ ഉൾപ്പെട്ട കോഴിക്കോട് സ്വദേശി മൻസീദ്, ചേലക്കര സ്വദേശി ടി. സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി റാഷിദ്, കുറ്റ്യാടി സ്വദേശികളായ എൻ.കെ. ജാസിം, റംഷാദ്, തിരൂ‍ർ സ്വദേശി സാഫ്വാൻ, കോഴിക്കോട് സ്വദേശി സജീർ, തിരുനൽവേലി സ്വദേശി സുബഹാനി ഹാജ എന്നിവർക്കെതിരെയായിരുന്നു കുറ്റപത്രം.

രഹസ്യവിവരത്തെ തുടർന്നു കഴി‍ഞ്ഞ ഒക്ടോബറിലാണു കനകമലയിൽ ഒത്തുകൂടിയ സംഘത്തെ എൻഐഎ പിടികൂടിയത്. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളിൽ സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടതായി എൻഐഎ കണ്ടെത്തിയിരുന്നു. ഇതിനു പുറമെ ഹൈക്കോടതി ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയും സംഘം ലക്ഷ്യമിട്ടിരുന്നു.