Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോശം ഫോം: ഡേവിസ് കപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നു പെയ്സ് പുറത്ത്

Leander Paes

തൃശൂർ ∙ കാനഡയ്ക്കെതിരായ ഡേവിസ് കപ്പ് പ്ലേഓഫിനുള്ള ഇന്ത്യൻ ടീമിൽ നിന്നു വിഖ്യാതതാരം ലിയാണ്ടർ പെയ്സ് പുറത്ത്. തൃശൂരിൽ നടന്ന സിലക്‌ഷൻ കമ്മിറ്റി യോഗത്തിലാണ് സുപ്രധാന തീരുമാനം. മോശം ഫോമും റാങ്കിങ്ങിലെ വീഴ്ചയും പെയ്സിനു പുറത്തേക്കു വഴിതുറന്നപ്പോൾ യുവതാരങ്ങളായ യൂക്കി ഭാംബ്രി, സാകേത് മൈനേനി, രാംകുമാർ രാമനാഥൻ, രോഹൻ ബൊപ്പണ്ണ എന്നിവർ ടീമിൽ ഇടംപിടിച്ചു. മഹേഷ് ഭൂപതിയാണ് ക്യാപ്റ്റൻ. സെപ്റ്റംബർ 15,16,17 തീയതികളില്‍ കാനഡയിലാണ് മത്സരം. 

കഴിഞ്ഞ ഏപ്രിലിൽ ഉസ്ബക്കിസ്ഥാനെതിരെ നടന്ന ഡേവിസ് കപ്പ് മത്സരത്തിലും ലിയാണ്ടർ പെയ്സ് ഇന്ത്യയ്ക്കായി കളിച്ചിരുന്നു. പിന്നീടു രാജ്യാന്തര മത്സരങ്ങളിലേറ്റ നിരന്തര തോൽവികള്‍ പെയ്സിനു വിനയായി. സിലക്‌ഷൻ കമ്മിറ്റി യോഗത്തിനു മുൻപേ പെയ്സ് ടീമിലുണ്ടാകില്ലെന്നു സൂചനയുണ്ടായിരുന്നു. കമ്മിറ്റി ചെയർമാൻ എസ്.പി. മിശ്ര, അംഗങ്ങളായ ബൽറാം സിങ്, നന്ദൻ ബാൽ, സീഷൻ അലി, ഹിരൺമയി ചാറ്റർജി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. പെയ്സ് ടീമിനു പുറത്താകുന്നതിനു പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന ചോദ്യത്തിന് മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു എസ്.പി. മിശ്രയുടെ മറുപടി. 

‘മോശം ഫോമും റാങ്കിങ്ങിലെ വീഴ്ചയും തന്നെയാണ് പെയ്സിന്റെ സാധ്യതകൾ നഷ്ടപ്പെടുത്തിയത്. എന്നുകരുതി പെയ്സിനു മുന്നിൽ എന്നെന്നേക്കുമായി വാതിലടഞ്ഞെന്ന് അർഥമില്ല. പ്രകടനം മെച്ചപ്പെടുത്തിയാൽ ടീമിലേക്കു തിരിച്ചുവരാനാകും’ – മിശ്ര പറഞ്ഞു. ഉസ്ബക്കിസ്ഥാനെതിരായ മത്സരത്തിൽ പരുക്കേറ്റ് അവസരം നഷ്ടപ്പെട്ട ഭാംബ്രിക്കും മെയ്നേനിക്കും ട‍ീമിലേക്കു തിരിച്ചു വരവിനുള്ള അവസരമാണിത്. അടുത്തിടെ രാജ്യാന്തര മത്സരങ്ങളിൽ നേടിയ തിളക്കമുള്ള വിജയങ്ങളാണ് രാംകുമാർ രാമനാഥനും തുണയായത്. 

ഡബിൾസ് റാങ്കിങ്ങിൽ ഇന്ത്യയിൽ മുന്നിൽ നിൽക്കുന്ന ബൊപ്പണ്ണയുടെ സ്ഥാനത്തിന് ഇളക്കമുണ്ടായില്ല. ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ റാങ്കിങ് പ്രകാരം ബൊപ്പണ്ണയടക്കമുള്ള താരങ്ങളേക്കാൾ പുറകിലാണ് പെയ്സിന്റെ ഇപ്പോഴത്തെ സ്ഥാനം. 18 ഗ്രാന്റ്സ്‌ലാം കിരീടങ്ങൾ സ്വന്തം പേരിലുണ്ടെങ്കിലും റാങ്കിങ്ങിൽ സ്ഥാനം മെച്ചപ്പെടുത്താതെ പെയ്സിന് ഇനി അവസരമുണ്ടായേക്കില്ല. 

റിസർവ് കളിക്കാരുടെ പട്ടികയിൽ പ്രജ്നേഷ് ഗുണേശ്വരനും എൻ. ശ്രീരാം ബാലാജിയും ഉൾപ്പെട്ടിട്ടുണ്ട്. നോൺ പ്ലേയിങ് ക്യാപ്റ്റനായാണ് മഹേഷ് ഭൂപതി ടീമിനെ നയിക്കുക. സീഷൻ അലിയാണ് കോച്ച്. രണ്ടു ഫിസിയോമാരും ടീമിനെ അനുഗമിക്കും. സെപ്റ്റംബർ നാലു മുതൽ ഒൻപതു വരെ യൂണിവേഴ്സിറ്റി ഓഫ് കൊളംബിയയിൽ നടക്കുന്ന പരിശീലനത്തിൽ ടീം പങ്കെടുക്കും. തുർക്ക്മെനിസ്ഥാനിൽ 17ന് നടക്കുന്ന ഏഷ്യൻ ഇൻഡോർ ഗെയിംസില്‍ പങ്കെടുക്കാനുള്ള ഇന്ത്യൻ ടെന്നിസ് ടീമിനെയും തിരഞ്ഞെടുത്തു.