വാദപ്രതിവാദത്തിൽ ജയിക്കാനുള്ള ഏറ്റവും ഹീന മാർഗമാണ് അക്രമം: കമൽഹാസൻ

ചെന്നൈ∙ മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഗൗരി ലങ്കേഷിന്റെ വധത്തിൽ അപലപിച്ച് ദക്ഷിണേന്ത്യൻ താരം കമൽഹാസൻ. വാദപ്രതിവാദത്തിൽ ജയത്തിനുള്ള ഏറ്റവും ഹീനമായ മാർഗമാണ് അക്രമം. തോക്കുപയോഗിച്ച് ശബ്ദത്തെ നിശബ്ദമാക്കുകയെന്നത് ഏറ്റവും ഹീനമായ മാർഗമാണ്. ഗൗരി ലങ്കേഷിന്റെ മരണത്തിൽ ദുഃഖിക്കുന്ന എല്ലാവരോടും അനുശോചനം അറിയിക്കുന്നുവെന്നും കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.

തീവ്ര ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമർശകയായിരുന്ന ഗൗരി ലങ്കേഷ് സെപ്റ്റംബർ അഞ്ചിനാണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയിൽ വച്ചാണ് കൊലപാതകം നടന്നത്. ‘ഗൗരി ലങ്കേഷ് പത്രികെ’ എഡിറ്ററായ ഗൗരി, കർണാടകയിലെ വിവിധ മാധ്യമങ്ങളിൽ കോളമെഴുത്തുകാരിയുമായിരുന്നു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.ലങ്കേഷിന്റെ മകളാണ്. സാമൂഹ്യപ്രവർത്തക കൂടിയായിരുന്ന ഗൗരി ലങ്കേഷ്, മാവോയിസ്റ്റുകൾക്കിടയിലും പ്രവർത്തിച്ചിരുന്നു.