ഇന്ത്യയിൽ സഹിഷ്ണുതയ്ക്ക് എന്തുപറ്റിയെന്നു ലോകം ചോദിക്കുന്നു: രാഹുൽ

ന്യൂയോർക്ക് ∙ രാജ്യത്തെ സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും എന്തുസംഭവിച്ചുവെന്ന് പുറംലോകം ഇന്ത്യയോട് ചോദിക്കുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ വിഘടിപ്പിക്കുന്ന ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അപകടകരമാണെന്നും രാഹുല്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറിലുള്ള ഹോട്ടലില്‍ പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.

ഇന്ത്യയില്‍ വിവിധ മതങ്ങളില്‍ വിശ്വസിക്കുകയും വിവിധ ഭാഷകള്‍ സംസാരിക്കുകയും ചെയ്യുന്നവരുണ്ട്. ഇവരെ ഒരുമിച്ചു കൊണ്ടുപോയത് കോണ്‍ഗ്രസിന്റെ ആശയങ്ങളാണ്. ദിവസേന 30,000 യുവാക്കള്‍ തൊഴിലന്വേഷകരായി എത്തുന്ന രാജ്യത്ത്, 450 പേര്‍ക്ക് മാത്രമേ ജോലി ലഭിക്കുന്നുളളൂവെന്നതാണ് നിലവിലെ അവസ്ഥയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. രണ്ടാഴ്ച നീണ്ട യുഎസ് പര്യടനത്തിലെ അവസാന പരിപാടിയായിരുന്നു ടൈംസ് സ്ക്വയറിലേത്.