ഉറിയിലേതിനു സമാനമായ ആക്രമണത്തിനു നീക്കം; വെടിവയ്പിൽ ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഉറിയിൽ കഴിഞ്ഞ വർഷം സൈനീക കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തിനു സമാനമായ പദ്ധതിയുമായി എത്തിയ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. ലഷ്കർ അംഗങ്ങളാണ് കൊല്ലപ്പെട്ടവരെന്നാണു സൂചന.

ഭീകരരെക്കുറിച്ചുള്ള സൂചന ലഭിച്ചതിനെത്തുടർന്ന് പൊലീസും സൈന്യവും ഉറിക്കു സമീപം സംയുക്തമായി നടത്തിയ തിരച്ചിലിനിടയിലായിരുന്നു ആക്രമണം. തിരച്ചിൽ സംഘത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഒരു സൈനികനും രണ്ട് പ്രദേശവാസികൾക്കും പരുക്കേറ്റിട്ടുണ്ട്. രണ്ട് വീടുകളും ആക്രമണത്തിൽ തകർന്നു. 

കഴിഞ്ഞ വർഷം ഉറി സൈനിക ക്യാംപിനു നേരെയുണ്ടായ ആക്രമണത്തിൽ 19 സൈനികരാണ് കൊല്ലപ്പെട്ടത്. 2016 സെപ്റ്റംബർ 18നായിരുന്നു സംഭവം.  ഇതിനു സമാനമായി ചാവേർ ആക്രമണത്തിനായിരുന്നു ഇത്തവണ ഭീകരരുടെ ശ്രമം.