പുണെയില്‍ ചങ്ങനാശേരി സ്വദേശിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

Representational image

പുണെ ∙ മഹാരാഷ്ട്രയിലെ പുണെയിൽ മലയാളി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. ചങ്ങനാശേരി സ്വദേശിനി രാധാ മാധവൻ നായരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. അറുപത്തഞ്ചുകാരിയായ ഇവർ വിശ്രാന്ത് വാടിയിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇന്നലെ രാത്രിയിൽ ഫോൺ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് പുണെയിൽതന്നെ താമസമാക്കിയ മക്കൾ എത്തിയപ്പോളാണ് ചോരയിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടത്. 

തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വളയും മാലയും ഉൾപ്പെടെയുള്ള ആഭരണങ്ങൾ വീട്ടിൽനിന്ന് നഷ്ടപ്പെട്ടിട്ടുള്ളതിനാൽ മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. പരിചയമുള്ളവർ തന്നെയാണ് കൊലയ്ക്കു പിന്നിലെന്ന് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പുണെ സന്നൂൺ ആശുപത്രിയിലേക്ക് മാറ്റി.