Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നർമദ, ജെഎൻയു; രാഹുലിന്റെ വിമർശനങ്ങളെ കടന്നാക്രമിച്ച് സ്മൃതി ഇറാനി

Smriti Irani

ദഹോദ്∙ അടുത്ത തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ നിർണായക സ്ഥാനം നേടിയെടുക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെ ശക്തമായി നേരിടാൻ ബിജെപി ഒരുങ്ങുന്നു. മൂന്നു ദിവസം നീണ്ടുനിന്ന ഗുജറാത്ത് സന്ദർശനത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കു മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണു രംഗത്തെത്തിയത്. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർഥികളെ പിന്തുണച്ച രാഹുലിനെയും പാർട്ടിയെയും തിരഞ്ഞെടുപ്പിൽ ഗുജറാത്ത് ഒരിക്കലും പിന്തുണയ്ക്കില്ലെന്നും ഇറാനി കൂട്ടിച്ചേർത്തു.

ബിജെപിയുടെ ഗുജറാത്ത് ഗൗരവ് യാത്രയോട് അനുബന്ധിച്ചു ഗോത്രവിഭാഗങ്ങളിലെ ജനങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. നർമദാ പദ്ധതി തടഞ്ഞുവയ്ക്കാൻ കാരണം കേന്ദ്രം ഭരിച്ച മുൻ കോൺഗ്രസ് സർക്കാരുകളാണ്. എന്നാൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി പദ്ധതി എന്തുവന്നാലും നടത്തുമെന്ന പ്രതിജ്ഞയെടുത്തു. പദ്ധതിക്കായി ഗുജറാത്ത് വാദിച്ചെങ്കിലും 55 വർഷമായി നടപ്പാക്കിയില്ല. രാജ്കോട്ടിലും ആനന്ദിലും കനാലുകൾ നിർമിക്കാൻ യുപിഎ സർക്കാരിനു കീഴിൽ റെയിൽവേ അനുമതി നൽകിയില്ല. ബിജെപിയോടുള്ള വിരോധമാണ് കോൺഗ്രസിനെക്കൊണ്ട് ഇതു ചെയ്യിപ്പിച്ചത്. അവർ അധികാരത്തിൽ വരാതെ വെള്ളം വിട്ടുതരില്ലെന്നായിരുന്നു തീരുമാനം. കോൺഗ്രസ് ചെയ്തതൊന്നും ഗുജറാത്തിലെ ജനങ്ങൾ മറക്കില്ല.

ഇന്ത്യയെ തകർത്തു കഷ്ണങ്ങളാക്കുമെന്നു പറഞ്ഞവരെ രാഹുൽ പിന്തുണച്ചത് രാജ്യം മുഴുവൻ കണ്ടതാണ്. ഇതു സർദാർ വല്ലഭായ് പട്ടേലിന്റെയും മഹാത്മാഗാന്ധിയുടെയും നാടാണ്. ഈ നാട് രാഹുലിനെ തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമോ എന്ന ഇറാനിയുടെ ചോദ്യത്തിനു ഹർഷാരവങ്ങളോടെയായിരുന്നു ‘ഇല്ലെന്ന്’ ജനങ്ങളുടെ മറുപടി. ഡിസംബറിലാണ് ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ്.

അതേസമയം, ഗുജറാത്തിൽ ബിജെപിയുടെ ഭരണത്തിൻകീഴിൽ യഥാർഥമായ വികസനം വന്നിട്ടില്ലെന്ന രാഹുലിന്റെ പരാമർശത്തെയും ഇറാനി ഖണ്ഡിച്ചു. കോൺഗ്രസ് നേതാക്കള്‍ സംസ്ഥാനത്തെ ഓർമിക്കുന്നതു തിരഞ്ഞെടുപ്പു വരുമ്പോഴാണെന്നായിരുന്നു ഇറാനിയുടെ മറുപടി. രാഹുലിന്റെ മണ്ഡലമായ ഉത്തർപ്രദേശിലെ അമേഠിയും ഗുജറാത്തുമായി വികസന കാര്യത്തിൽ ഇറാനി താരതമ്യം ചെയ്തു. യൂറിയ ആവശ്യപ്പെട്ട കർഷകരുടെ നേർക്ക് വെടിയുതിർക്കുകയാണ് അമേഠിയിൽ ചെയ്യുന്നത്. മഹാരാഷ്ട്രയിൽ കോൺഗ്രസ് ഭരിക്കുമ്പോൾ അവിടെ കർഷകർക്കുനേരെ നടന്ന വെടിവയ്പ്പിനെയും ഗുജറാത്ത് ഓർമിക്കുമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.