ഗൗരി ലങ്കേഷ് വധം: മൂന്നു പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു

കർണാടക പൊലീസ് പുറത്തുവിട്ട പ്രതികളുടെ രേഖാചിത്രം.

ബെംഗളൂരു∙ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരെന്നു സംശയിക്കുന്ന മൂന്നുപേരുടെ രേഖാ ചിത്രങ്ങള്‍ പ്രത്യേക അന്വേഷണസംഘം പുറത്തുവിട്ടു. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയാറാക്കിയത്. ഇവരെ പിടികൂടാന്‍ ജനങ്ങളുടെ സഹായം വേണമെന്ന് അന്വേഷണസംഘം അഭ്യര്‍ഥിച്ചു.

ഗൗരി ലങ്കേഷ് വധത്തിനു കലബുറഗിയുടെ കൊലപാതകവുമായി സാമ്യമുണ്ട്. കൊലയ്ക്ക് ഏഴുദിവസം മുമ്പ് പ്രതികള്‍ ബെംഗളൂരുവിലെത്തിയെന്നാണു സംശയിക്കുന്നത്. തെളിവുകളില്‍ ഊന്നിയാണ് അന്വേഷണമെന്നും ഒരു സംഘടനയെയും പ്രതിസ്ഥാനത്തു നിര്‍ത്തിയിട്ടില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തലവന്‍ ബി.കെ. സിങ് പറഞ്ഞു.

രാജരാജേശ്വര നഗറിലെ വീടിനു മുന്നിൽ സെപ്റ്റംബർ അഞ്ചിനാണ് കന്നഡ വാരിക ‘ഗൗരി ലങ്കേഷ് പത്രികെ’ എഡിറ്ററായ ഗൗരി ലങ്കേഷ് മൂന്നംഗ സംഘത്തിന്റെ വെടിയേറ്റു മരിച്ചത്. ബാനസവാടിയിലെ ഓഫിസിൽനിന്ന് രാത്രി ഏഴരയോടെ ഇറങ്ങിയ ഗൗരിയെ കാറിൽ ഒരു സംഘം പിന്തുടർന്നിരുന്നു. വീട്ടിലെത്തിയ ഗൗരി കാർ പാർക്ക് ചെയ്ത ശേഷം വീടിന്റെ വാതിൽ തുറക്കുന്നതിനിടെയായിരുന്നു ആക്രമണം. തലയ്ക്കും നെഞ്ചിലുമായി മൂന്നു വെടിയേറ്റ ഗൗരി സംഭവസ്ഥലത്തുതന്നെ മരിച്ചു.