രാഹുലിനു പിന്നാലെ എ.കെ. ആന്റണി കോൺഗ്രസ് ഉപാധ്യക്ഷപദവിയിലേക്ക്?

രാഹുൽ ഗാന്ധി, എ.കെ. ആന്റണി

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകുന്നതിനു പിന്നാലെ മുതിർന്ന പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി കോൺഗ്രസ് വൈസ് പ്രസിഡന്റായേക്കുമെന്ന അഭ്യൂഹം കോൺഗ്രസ് വൃത്തങ്ങളിൽ ശക്തം. എന്നാൽ, ഇക്കാര്യത്തിൽ ഇനിയും ഔദ്യോഗിക സ്ഥിരീകരണമില്ല. അനാരോഗ്യം കാരണം സോണിയ ഗാന്ധി തിരക്കുകളിൽനിന്നു പിൻവാങ്ങുമ്പോൾ രാഹുലിനു മാർഗനിർദേശം നൽകാൻ ഒരു മുതിർന്ന നേതാവു കൂടെയുണ്ടാകണമെന്ന വാദം പാർട്ടിക്കുള്ളിലുണ്ട്. പുതിയ നേതാവിന്റെ ഓഫിസിനു ‘രാഷ്ട്രീയ കാര്യക്ഷമത’ ഉറപ്പാക്കേണ്ടതുമുണ്ട്. ഇപ്പോൾ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത യുവാക്കളാണ് ഓഫിസിന്റെ അമരത്ത്. രാഹുലിനു മാർഗനിർദേശം നൽകാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വർഷങ്ങൾക്കു മുൻപുതന്നെ സന്നദ്ധത ‌പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ മൻമോഹന്റെ ആരോഗ്യസ്ഥിതിയും മോശമാണ്. 

അതേ സമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സമയക്രമം അംഗീകരിക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി നാളെ. എഐസിസി ആസ്ഥാനത്തു 10.30നു ചേരുന്ന യോഗത്തിൽ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി അധ്യക്ഷത വഹിക്കും.

ഡിസംബർ ആദ്യ ആഴ്ച പൂർത്തിയാകുംവിധം തിരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രൻ തയാറാക്കിയ സമയക്രമമാണു പ്രവർത്തകസമിതി പരിഗണിക്കുക. എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, പി.സി.ചാക്കോ എന്നിവരും യോഗത്തിൽ പങ്കെടുക്കും. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ പുതിയ പാർട്ടി ‌പ്രസിഡന്റിനു കീഴിലായിരിക്കും പ്രചാരണമെന്ന് എഐസിസി വൃത്തങ്ങൾ പറഞ്ഞു. സമയക്രമം അംഗീകരിച്ചാൽ തിരഞ്ഞെടുപ്പുപ്രക്രിയ പൂർ‌ത്തിയാക്കാൻ‍ 10–12 ദിവസം മതിയാകും.

ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്ന രാഹുൽ ഗാന്ധി, പ്ര‌വർത്തകസമിതി ചേരാൻ സമ്മതംമൂളാത്തതു നേതാക്കളെ അസ്വസ്ഥ‌രാക്കിയിരുന്നു. തിരഞ്ഞെടുപ്പു പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ കാലാവധി അടുത്ത മാസം അവ‌സാനിക്കും. പ്രവർത്തകസമിതിയുടെ അംഗീകാരമായാലുടൻ ‌പ്രസിഡന്റ് തിര‌ഞ്ഞെടുപ്പുപ്രക്രിയ ആരംഭിക്കും. പത്രിക സമർപ്പിക്കൽ, പിൻവലിക്കൽ, സൂക്ഷ്മപരിശോധന, സാധുവായ പത്രികകൾ അംഗീകരിക്കൽ, വോട്ടെടുപ്പുദിനം തീരുമാനിക്കൽ, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവ ഉൾപ്പെട്ടതാണു തിരഞ്ഞെടുപ്പു പ്രക്രിയ.

രാഹുൽ ഗാന്ധി മാത്രമാണു സ്ഥാനാർഥിയെങ്കിൽ സൂ‌ക്ഷ്മപരിശോധനയ്ക്കു പിന്നാലെ വിജയിയെ പ്രഖ്യാപിക്കാം. എതിർസ്ഥാനാർഥിയുണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാൽ, എതിർ സ്‌ഥാനാർഥിയുണ്ടെങ്കിൽ പ്രക്രിയ നീളും. സംസ്ഥാനങ്ങളിൽ വോട്ടെടുപ്പു നടത്തുകയും ബാലറ്റ് പെട്ടികൾ ഡൽഹിയിലെത്തിച്ചു വോട്ടെണ്ണൽ നട‌ത്തുകയും വേണ്ടതുകൊണ്ടാണത്. 

ആദ്യം സ്ഥാനാരോഹണം; പ്ലിനറി പിന്നീട്

ന്യൂഡൽഹി ∙ നാളെ ചേരുന്ന കോൺഗ്രസ് പ്രവർത്തകസമിതിയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സമയക്രമം മാത്രമാണു നിശ്ചയിക്കുക. പ്ലിനറി സമ്മേളനത്തിനു തീയതി പിന്നീടു നിശ്ചയിക്കാമെന്നാണ് എ.കെ.ആന്റണി, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് തുടങ്ങിയ മുതിർന്ന നേതാക്കൾ മുന്നോട്ടുവച്ചിരിക്കുന്ന നിർദേശം. തിരഞ്ഞെടുപ്പിനു ശേഷം ലളിതമായ സ്ഥാനാരോഹണച്ചടങ്ങ് എഐസിസി ആസ്‌ഥാന‌ത്തു നട‌‌ത്താനാ‌ണു സാധ്യത. രാ‌ഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടെന്നു സാക്ഷ്യപ്പെടുത്തുന്ന രേഖ തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൈമാറും. സ്ഥാനമേറ്റെടുത്തു രാഹുലിന്റെ ഹ്രസ്വ പ്രസംഗവുമുണ്ടാകും. പ്ലിനറി സമ്മേളനത്തിലാവും ആഘോഷപൂർവമുള്ള സ്ഥാനാരോഹണം. കോൺഗ്രസിന്റെ പരമാധികാര സമിതിയായ പ്രവർത്തകസമിതിയുടെ തിരഞ്ഞെടുപ്പും പ്ലിനറിയിലാണ്.