മോദി സർക്കാർ സമ്പന്നർക്കുവേണ്ടി മാത്രമോ?: ചോദ്യശരങ്ങളുമായി രാഹുൽ

ന്യൂഡൽഹി∙ വിലക്കയറ്റം രൂക്ഷമാവുകയും പാവങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാവുകയും ചെയ്യുന്നതിൽ നരേന്ദ്ര മോദി സർക്കാരിനെ പഴിചാരി കോൺഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ സമ്പന്നർക്കുവേണ്ടി മാത്രമാണോ? നോട്ട് നിരോധനവും ജിഎസ്ടിയും സാധാരണക്കാരുടെ വരുമാനത്തെ ബാധിച്ചു. ബാക്കിയുണ്ടായിരുന്നവയെ വിലക്കയറ്റവും ബാധിച്ചു, രാഹുൽ സമൂഹമാധ്യമമായ ട്വിറ്ററിൽ ചോദിച്ചു. മോദിയുടെ ആവർത്തിച്ചുള്ള വാചാടോപത്തിനെതിരെയും രാഹുൽ ചോദ്യങ്ങളെറിഞ്ഞു.

മോദി സർക്കാരിന്റെ മൂന്നു വർഷത്തിൽ വില വർധിച്ച വസ്തുക്കളുടെ പട്ടികയും രാഹുൽ ട്വീറ്റ് ചെയ്തു. പാലിക്കാത്ത വാഗ്ദാനങ്ങൾ നൽകി മോദി ജനങ്ങളെ വഞ്ചിക്കുകയാണ്. നോട്ട് നിരോധനം ജനങ്ങളെ കൊള്ളയടിച്ചു, ജിഎസ്ടി അവരുടെ വരുമാനത്തെ കവർന്നു. ബാക്കിയുള്ളവ വിലക്കയറ്റവും. ജീവിക്കാൻ തന്നെ ബുദ്ധിമുട്ടാണ്. ബിജെപി സർക്കാർ സമ്പന്നർക്കു വേണ്ടി മാത്രമോ? പ്രധാനമന്ത്രിയോടുള്ള തന്റെ ഏഴാമത്തെ ചോദ്യം ഇതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

2014ലെയും 2017ലെയും വില വ്യത്യാസം വ്യക്തമാക്കുന്ന ചിത്രം സഹിതമാണു രാഹുലിന്റെ പോസ്റ്റ്. 22 വർഷത്തെ ബിജെപി ഭരണത്തിൽ ഗുജറാത്ത് ഉത്തരം തേടുന്നുവെന്ന ടാഗ്‌ലൈനിലാണ് രാഹുൽ ചോദ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.