രാഹുൽ 14ന് തിരുവനന്തപുരത്ത്; ഓഖി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും

തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റ് ബാധിതരെ സന്ദർശിക്കാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഡിസംബർ 14നു തിരുവനന്തപുരത്തെത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘പടയൊരുക്കം’ ജാഥയുടെ സമാപന സമ്മേളനത്തിൽ അദേഹം പങ്കെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു. ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരിക്കും സമ്മേളന സ്ഥലത്ത് രാഹുൽ എത്തുക.

മൽസ്യത്തൊഴിലാളികൾക്കു നൽകിയ മുന്നറിയിപ്പിൽ ഫലപ്രദമായി ഇടപെടാൻ സർക്കാരിനായില്ലെന്ന് ചെന്നിത്തല ആരോപിച്ചു. മരിച്ചവരുടെ കുടുംബത്തിനു നൽകിയിരിക്കുന്ന ധനസഹായം 20 ലക്ഷത്തിൽനിന്ന് ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിസംബർ ഒന്നിനാണ് പടയൊരുക്കത്തിന്റെ സമാപന സമ്മേളനം തീരുമാനിച്ചിരുന്നത്. എന്നാൽ ഓഖി ചുഴലിക്കാറ്റും കനത്ത മഴയും മൂലം സമ്മേളനം മാറ്റിവയ്ക്കുകയായിരുന്നു. ശംഖുമുഖത്ത് തയാറാക്കിയിരുന്ന വേദി വെള്ളം കയറി തകർന്നിരുന്നു.