പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുക്കാനുള്ള ഓർഡിനൻസ് ഉടൻ: മന്ത്രി ശൈലജ

പരിയാരം∙ പരിയാരം മെഡിക്കൽ കോളജ് ആശുപതി സർക്കാർ ഏറ്റെടുക്കാനുള്ള ഓർഡിനൻസ് ഉടൻ കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഏറ്റെടുക്കാനുള്ള മറ്റു നടപടികൾ പൂർത്തീകരിച്ചതായും ഇനി കാലതാമസം ഉണ്ടാകുകയില്ലെന്നും മന്ത്രി പറഞ്ഞു. പരിയാരം മെഡിക്കൽ കോളജിൽ ദയ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പരിയാരം മെഡിക്കൽ കോളജിന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ(ഐഎംസി) നവംബർ അവസാനം അംഗീകാരം നിഷേധിച്ചിരുന്നു. അതോടെ എംബിബിഎസ്, മെഡിക്കൽ പിജി വിദ്യാർഥി പ്രവേശനം പ്രതിസന്ധിയിലാകുന്ന അവസ്ഥയുമായി. അഞ്ചുവർഷം കൂടുമ്പോൾ ഐഎംസി പ്രതിനിധികൾ പരിശോധന നടത്തിയാണ് എംബിബിഎസ് കോഴ്സിനു സ്ഥിരാംഗീകാരം നൽകുന്നത്.

രോഗികളുടെയും ചില ചികിത്സാ ഉപകരണങ്ങളുടെയും കുറവു ചൂണ്ടിക്കാണിച്ചാണ് അംഗീകാരം നിഷേധിച്ചത്. കോളജ് സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുമ്പോഴായിരുന്നു അംഗീകാരവും നഷ്ടമായത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സർക്കാർ ഇടപെടാനൊരുങ്ങുന്നത്.