Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിയാരം എംവിആറിന്റെ അദ്ഭുതം: പ്രശംസ ചൊരിഞ്ഞ് സിപിഎം നേതാക്കൾ

MV Raghavan എം.വി.രാഘവൻ (ഫയൽചിത്രം∙ മനോരമ)

പരിയാരം ∙ സഹകരണ മേഖലയിൽ സ്വാശ്രയ മെഡിക്കൽ കോളജ് തുടങ്ങുന്നതിനെതിരെ എം.വി.രാഘവനുമായി ഒരുകാലത്തു യുദ്ധം പ്രഖ്യാപിച്ചു തെരുവിൽ വേട്ടയാടിയ സിപിഎം, എംവിആറിനെ അഭിനന്ദിക്കുന്നതു പരിയാരം ക്യാംപസിൽ കൗതുകക്കാഴ്ചയായി. സ്ഥാപനം സർക്കാർ ഏറ്റെടുക്കുന്ന ചടങ്ങിലാണ് എം.വി.രാഘവനു മേൽ പ്രശംസ ചൊരിഞ്ഞു സിപിഎം നേതാക്കൾ സംസാരിച്ചത്.

അധ്യക്ഷത വഹിച്ച ടി.വി.രാജേഷ് എംഎൽഎ, മെഡിക്കൽ കോളജ് ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തിയ മന്ത്രി കെ.കെ.ശൈലജ, മുഖ്യാതിഥി പി.കരുണാകരൻ എംപി തുടങ്ങിയവർ ഒരുപോലെ എംവിആറിനെ വാഴ്ത്തി. കേരളത്തിനു തന്നെ അഭിമാനവും അദ്ഭുതവുമായ സ്ഥാപനത്തിനു പിന്നിൽ എം.വി.രാഘവന്റെ ചടുലമായ കരങ്ങളായിരുന്നുവെന്നു മന്ത്രി അനുസ്മരിച്ചു. എംവിആറിനോടുള്ള നന്ദിയും കടപ്പാടും മന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു.

സ്വാശ്രയ മെഡിക്കൽ കോളജിനെതിരായ സമരത്തിന്റെ ഭാഗമായാണ് 1994ൽ കൂത്തുപറമ്പിൽ, അന്നു മന്ത്രിയായിരുന്ന എം.വി.രാഘവനെ ‍ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. പൊലീസ് വെടിവയ്പ്പിൽ അഞ്ചു പ്രവർത്തകർ കൊല്ലപ്പെട്ടു. തുടർന്ന് എം.വി.രാഘവനെ ഉപരോധം പ്രഖ്യാപിച്ചു സിപിഎം നാടുനീളെ തടഞ്ഞു. എൽഡിഎഫ് ഭരണത്തിലെത്തിയപ്പോൾ എം.വി.രാഘവന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിൽനിന്നു മെഡിക്കൽ കോളജ് പിടിച്ചെടുക്കാൻ സിപിഎം നടത്തിയ ബലപ്രയോഗവും സംഘർഷത്തിനിടയാക്കി.

പക്ഷേ അവസാനകാലത്ത് എം.വി.രാഘവനോടു സിപിഎം ക്ഷമിച്ചു. അവസാനനാളുകളിൽ എംവിആർ മാനസികമായി സിപിഎമ്മിനൊപ്പമായിരുന്നു എന്നാണു നേതാക്കൾ അവകാശപ്പെടുന്നത്. എംവിആറിനാകട്ടെ അവസാന കാലത്തു തന്റെ നിലപാടുകൾ വെളിപ്പെടുത്താനുള്ള ആരോഗ്യസ്ഥിതി ഉണ്ടായിരുന്നുമില്ല. 

related stories