അഭിമുഖം വിവാദം: ചാനലുകൾക്കെതിരെ നടപടി; രാഹുൽ ഹാജരാകണമെന്ന് തിര. കമ്മിഷൻ

ന്യൂഡൽഹി∙ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് നിയുക്ത അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഭിമുഖം ഗുജറാത്തിലെ ടിവി ചാനൽ പ്രക്ഷേപണം ചെയ്തതു വിവാദമായി. രാഹുലിന്റെ പരാമർശങ്ങൾ ചർച്ചയായതിനെത്തുടർന്ന് മറ്റു മാധ്യമങ്ങളും അതേറ്റുപിടിച്ചിരുന്നു. അതേസമയം, രാഹുൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. പിന്നാലെ അഭിമുഖം സംപ്രേഷണം ചെയ്ത ടിവി ചാനലുകൾക്കെതിരെ എഫ്ഐആർ എടുക്കാൻ ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി.

Read: രാഹുലിന്റെ അഭിമുഖത്തിന്റെ പ്രസക്തഭാഗം വായിക്കാം

തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശങ്ങൾ അനുസരിച്ചു വ്യാഴാഴ്ച തിരഞ്ഞെടുപ്പു നടക്കുന്നതിനു മുൻപുള്ള 48 മണിക്കൂർ തൊട്ട് ഇത്തരം അഭിമുഖങ്ങൾ പാടില്ല. കൃത്യമായി പറഞ്ഞാൽ ഡിസംബർ 12ന് വൈകിട്ട് അഞ്ചിനുശേഷം ഇതു സംപ്രേഷണം ചെയ്യാൻ പാടില്ല. വിശദീകരണം നൽകാൻ രാഹുലിനോടു നേരിട്ടു ഹാജരാകാൻ കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഡിസംബർ 18ന് വൈകുന്നേരം അഞ്ചിനു മുൻപ് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഫലം 18നാണ് അറിയുക.

പരസ്യപ്രചാരണത്തിന്‍റെ സമയം അവസാനിച്ചശേഷം ഗുജറാത്തിലെ ടിവി ചാനലുകള്‍ക്കു രാഹുല്‍ ഗാന്ധി അഭിമുഖം നല്‍കിയതിനെതിരെ ബിജെപി പരാതി നല്‍കിയിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പരാജയഭീതിയെത്തുടർന്നു രാഹുൽ അസ്വസ്ഥനാണെന്നും മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നുമാണു പരാതി. അതേസമയം, മുഖ്യമന്ത്രി വിജയ് രൂപാണിയും മറ്റുള്ളവരും ചേർന്നു ഭീഷണിപ്പെടുത്തിയാണു രാഹുലിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതെന്നാണു കോൺഗ്രസിന്റെ വാദം. ഭീഷണിപ്പെടുത്തിയവർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

രാഹുലിനോടു ഹാജരാകാൻ ആവശ്യപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, പീയുഷ് ഗോയല്‍ എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപരിപാടിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സംസാരിച്ചതും അരുണ്‍ ജയ്റ്റ്ലിയും പീയുഷ് ഗോയലും ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയതും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി.