Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സ്യബന്ധന മേഖലയ്ക്ക് കേന്ദ്രത്തിൽ പ്രത്യേക വകുപ്പ്; രാഹുലിന്റെ നിർദ്ദേശത്തിന് കയ്യടി

Rahul-at-Poonthura പൂന്തുറ തീരത്തെത്തിയ നിയുക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഓഖി ദുരിതബാധിതരുടെ പരാതികൾ കേൾക്കുന്നു. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധി ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ തീരദേശ മേഖലകൾ സന്ദർശിച്ചു. ഓഖി ചുഴലിക്കാറ്റിൽ പ്രിയപ്പെട്ടവരെ നഷ്ടമായവർക്കൊപ്പം സമയം ചെലവഴിച്ച രാഹുൽ, ദുരന്തബാധിതർക്കായി തന്നാലാകുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നൽകി. ഇത്തരം ദുരന്തങ്ങളിൽനിന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പാഠം പഠിക്കണമെന്നു പറ‍ഞ്ഞ രാഹുൽ പക്ഷേ, കൂടുതൽ വിമർശനങ്ങൾക്കു തുനിഞ്ഞില്ല.

അതേസമയം, മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം സാധ്യമാകണമെങ്കിൽ കേന്ദ്രത്തിൽ മത്സ്യബന്ധനത്തിനു മാത്രമായി സ്വതന്ത്ര വകുപ്പു വേണമെന്ന രാഹുലിന്റെ നിർദ്ദേശത്തെ കയ്യടികളോടെയാണു തീരദേശവാസികൾ സ്വീകരിച്ചത്. നിലവിൽ കൃഷിവകുപ്പിനു കീഴിലാണു മത്സ്യബന്ധനം ഉൾപ്പെടുന്നത്. ഇത്ര വലിയൊരു ദുരന്തം ഇവിടെ നടന്നിട്ടും ദുരന്തമുഖം സന്ദർശിക്കാനോ ആവശ്യമായ നടപടികൾ കൈക്കൊള്ളാനോ വകുപ്പുമന്ത്രി തയാറായില്ലെന്നു ചൂണ്ടിക്കാട്ടിയാണു മത്സ്യബന്ധനത്തിനു സ്വതന്ത്രവകുപ്പെന്ന ആശയം രാഹുൽ മുന്നോട്ടുവച്ചത്.

Poonthura രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പൂന്തുറ തീരത്തെത്തിയവർ. ചിത്രം മനോജ് ചേമഞ്ചേരി

ദുരന്തമുണ്ടായതിനുശേഷം കേരളത്തിലെത്താൻ ‍വൈകിയതിൽ ക്ഷമ ചോദിച്ചാണു രാഹുൽ പൂന്തുറയിൽ കാലുകുത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ഡൽഹിയിൽനിന്നു തിരുവനന്തപുരത്തെത്തിയ രാഹുൽ വിമാനത്താവളത്തിൽനിന്നുതന്നെ നേരെ പൂന്തുറയിലേക്കു പോവുകയായിരുന്നു. ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ചിത്രങ്ങൾക്കു മുൻപിൽ ആദരാഞ്ജലി അർപ്പിച്ചശേഷം മരിച്ചവരുടെ ബന്ധുക്കളെയും രാഹുൽ കണ്ടു. അവരുടെ പരാതികൾ കേട്ട അദ്ദേഹം, തന്നാലാവുന്നതെല്ലാം ചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. പിന്നീടു വിഴിഞ്ഞത്തെത്തിയ രാഹുൽ, ഹെലികോപ്റ്റർ മുഖേന കന്യാകുമാരി ജില്ലയിലെ ചിന്നത്തുറയിലേക്കു പോയി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവനന്തപുരം എംപി ശശി തരൂർ, വി.എസ്. ശിവകുമാർ തുടങ്ങിയ നേതാക്കളും രാഹുലിനെ അനുഗമിച്ചു. രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനത്തിനായാണു രാഹുൽ കേരളത്തിലെത്തിയത്. തമിഴ്നാട്ടിൽനിന്നു മടങ്ങിയെത്തുന്ന രാഹുൽ തൈക്കാട് പൊലീസ് ട്രെയിനിങ് കോളജ് മൈതാനത്ത് ആർഎസ്പി നേതാവ് ബേബിജോണിന്റെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. 5.30നു സെൻട്രൽ സ്റ്റേഡിയത്തിൽ പടയൊരുക്കം സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായും പങ്കെടുക്കും. തുടർന്ന്, ഡൽഹിക്കു മടങ്ങും.