വിരമിക്കാൻ സമയമായെന്ന് സോണിയ; രാഷ്ട്രീയത്തിൽ തുടരുമെന്ന് പാർട്ടി

ന്യൂഡൽഹി∙ സജീവ രാഷ്ട്രീയത്തിൽ നിന്നു സോണിയ ഗാന്ധി വിരമിക്കുന്നുവെന്ന വാർത്തയ്ക്കു പിന്നാലെ തിരുത്തുമായി കോൺഗ്രസ്. രാഷ്ട്രീയത്തിൽനിന്ന് സോണിയ വിരമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. രാഹുൽ ഗാന്ധിക്ക് വഴിമാറിക്കൊടുക്കുക മാത്രമാണ് സോണിയ ചെയ്യുന്നത്. അധ്യക്ഷസ്ഥാനം ഒഴിഞ്ഞാലും മാർഗനിർദേശങ്ങളുമായി പാർട്ടിയിൽ തുടരും. സോണിയയുടെ വാക്കുകളിൽ വ്യംഗ്യാർഥം കണ്ടെത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ അധ്യക്ഷസ്ഥാനം ഏറ്റെടുത്താൽ പിന്നെന്തു ചെയ്യാനാണു തീരുമാനമെന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോടാണ് ‘പിന്നെ വിരമിക്കലാണ് എന്റെ കർത്തവ്യം’ എന്നു സോണിയ മറുപടി പറഞ്ഞത്. പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധി പ്രാപ്തനാണെന്നും സോണിയ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക.

കോൺഗ്രസിന്റെ 61–ാമത്തെ പ്രസിഡന്റാണ് സോണിയ. 1947 ഡിസംബർ ഒൻപതിനു ഇറ്റലിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച സോണിയ കേംബ്രിജിലെ ഇംഗ്ലിഷ് പഠനത്തിനിടെയാണു രാജിവ് ഗാന്ധിയെ പരിചയപ്പെടുന്നത്. മൂന്നു വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം വിവാഹം. പ്രധാനമന്ത്രിയായിരിക്കെ 1991ൽ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജിവ് രക്തസാക്ഷിത്വം വരിച്ചതോടെ കോൺഗ്രസ് നേതൃത്വപ്രതിസന്ധിയിലായി.

എന്നാൽ രാജിവിന്റെ വിയോഗശേഷം സോണിയ പത്താം നമ്പർ ജൻപഥിലെ വീട്ടിൽ ഒതുങ്ങിക്കൂടുകയായിരുന്നു. വർഷങ്ങൾക്കൊടുവിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം സോണിയയെ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കെത്തിച്ചു. 1998 മാർച്ചിലായിരുന്നു അത്. ആ പദവിയിൽ തുടർന്നത് 19 വർഷം. വിദേശത്തു ജനിക്കുകയും കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തെത്തുകയും ചെയ്ത എട്ടാമത്തെ വ്യക്തിയാണ് സോണിയ. (മറ്റ് ഏഴു പേരും പാർട്ടിയെ നയിച്ചത് ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിക്കുന്നതിനു മുൻപായിരുന്നു)

കോൺഗ്രസ് അധ്യക്ഷപദവി ഏറ്റവുമധികം കാലം വഹിച്ചതിന്റെ റെക്കോർഡും സോണിയ ഗാന്ധിക്കാണ്. 2004ലെ തിരഞ്ഞെടുപ്പു വിജയത്തിനൊടുവിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കെന്ന് ഉറപ്പിച്ചെങ്കിലും സോണിയ അവസാനനിമിഷം പിൻവാങ്ങി. ഡോ. മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു നിർദേശിച്ച സോണിയ പാർലമെന്ററി പാർട്ടിയുടെ നേതൃസ്ഥാനവും യുപിഎ അധ്യക്ഷസ്ഥാനവും ഏറ്റെടുത്തു.

2009ൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയപ്പോഴും നായികയായി മുന്നിൽത്തന്നെയുണ്ടായിരുന്നു സോണിയ. ലോകത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടിക ഫോബ്സ് തയാറാക്കിയപ്പോള്‍ അതിൽ മൂന്നാം സ്ഥാനത്തെത്തിയതും സോണിയയായിരുന്നു.