Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിൽ കെട്ടിടത്തിൽ വൻതീപിടിത്തം; 12 സ്ത്രീകൾ ഉൾപ്പെടെ 14 മരണം

Fire breaks out in Mumbai Kamala Mills മുംബൈ കമല മിൽസിലുണ്ടായ തീപിടിത്തം. ചിത്രം: ട്വിറ്റര്‍

മുംബൈ∙ സേനാപതി മാർഗിലെ കമലാ മിൽസ് കെട്ടിടത്തിനു തീപിടിച്ചു 12 സ്ത്രീകളടക്കം 14 പേര്‍ വെന്തുമരിച്ചു. ലോവര്‍ പരേലിലെ കമല മില്‍സ് കോംപൗണ്ടില്‍ അര്‍ധരാത്രിക്കുശേഷമാണ് തീപടര്‍ന്നത്. ഒട്ടേറെപ്പേര്‍ക്ക് പൊളളലേറ്റു. രണ്ടുമണിക്കൂറിനുശേഷം തീ നിയന്ത്രണ വിധേയമാക്കി.

കമല ട്രേഡ് ഹൗസ് കെട്ടിടത്തിലെ വണ്‍‌ എബവ് (1-Above) റസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്. വേഗം സമീപത്തെ കെട്ടിടങ്ങളിലേക്കും തീപടര്‍ന്നു. എട്ട് ഫയര്‍ എന്‍ജിനുകള്‍ രണ്ടുമണിക്കൂര്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടകാരണം വ്യക്തമല്ല. പൊളളലേറ്റവരെ മുംബൈയിലെ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില അതീവഗുരുതരമാണ്.

റസ്റ്ററന്റില്‍ നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന സ്ത്രീകളാണ് ദുരന്തത്തിനിരയായവരില്‍ ഏറെയും. ബര്‍ത്ത് ഡേ പാര്‍ട്ടി സംഘടിപ്പിച്ച ഇരുപത്തിയെട്ടുകാരിയായ യുവതിയും മരിച്ചവരില്‍ ഉള്‍െപെടുന്നു. മുളയും പ്ലാസ്റ്റിക്കും ഉപയോഗിച്ച് നിര്‍മിച്ച ഇന്റീരിയര്‍ ഭാഗങ്ങളാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. വേഗത്തില്‍ തീപടര്‍ന്നതോടെ പലരും രക്ഷപെടാനായി ശുചിമുറികളില്‍ അഭയം തേടിയെങ്കിലും ഇവിടെ കുടുങ്ങുകയായിരുന്നു.

തീപിടിത്തമുണ്ടായ റസ്റ്ററന്റിന്റെ ഉടമയ്ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. കമല മില്‍സ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ടൗസ് നൗ ഗ്രൂപ്പിന്റെ ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോകളിലേക്കും തീ പടര്‍ന്നു. സൂം ചാനലിന്റെ സ്റ്റുഡിയോ കത്തിനശിച്ചു.

related stories