മനുഷ്യക്കടത്ത്: ഇന്ത്യക്കാരുൾപ്പെടെ 10 പെൺകുട്ടികളെ കെനിയയിൽനിന്നു രക്ഷിച്ചു

ന്യൂഡൽഹി∙ കെനിയയിൽ മനുഷ്യക്കടത്തു സംഘം തടവിലാക്കിയിരുന്ന മൂന്ന് ഇന്ത്യക്കാരുൾപ്പെടെ പത്തംഗ സംഘത്തെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് സുഷമ സ്വരാജ് ഇക്കാര്യങ്ങൾ അറിയിച്ചത്. നേപ്പാൾ സ്വദേശികളായ ഏഴു പെൺകുട്ടികളെയും രക്ഷിച്ചിട്ടുണ്ട്. എല്ലാവരെയും നാട്ടിൽ തിരിച്ചെത്തിച്ചു.

കെനിയയിൽ എത്തിയ ഇവരുടെ ഫോണും പാസ്പോർട്ടും തട്ടിയെടുത്ത് മൊമ്പാസയിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നെന്നും മന്ത്രിയുടെ ട്വീറ്റിലുണ്ട്. പഞ്ചാബ് സർക്കാരിനു വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നും അവർ വ്യക്തമാക്കി. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കായാണ് സംഘം പെൺകുട്ടികളെ തടവിലാക്കിയത്.

പെൺകുട്ടികളെ രക്ഷപ്പെടുത്താൻ സഹായിച്ച കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സുചിത്ര ദുരൈയെയും ഫസ്റ്റ് സെക്രട്ടറി കരൺ യാദവിനെയും മന്ത്രി അഭിനന്ദിച്ചു. കെനിയൻ പൊലീസിനും നന്ദി പറഞ്ഞു.