ജിഡിപി എന്നാൽ ‘ഗ്രോസ് ഡിവിസിവ് പൊളിറ്റിക്സ്’: പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ ‘ഗബ്ബർ സിങ് ടാക്സി’നു (ജിഎസ്ടി) ശേഷം ജിഡിപിയെയും പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. ജിഡിപി എന്നാൽ ‘ഗ്രോസ് ഡിവിസിവ് പൊളിറ്റിക്സ്’ എന്നാണെന്നു രാഹുൽ ട്വീറ്റ് ചെയ്തു. സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യത്തെ പരാമർശിച്ചാണു രാഹുൽ കേന്ദ്രത്തെ കടന്നാക്രമിച്ചത്.

നിക്ഷേപരംഗത്തും ബാങ്ക് ക്രെഡിറ്റ് വളർച്ചയിലും മാന്ദ്യം അനുഭവപ്പെടുന്നുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല, കാർഷിക വളർച്ചയും നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ രാഹുൽ ലക്ഷ്യമിടുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയെയുമാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ (സിഎസ്ഒ) കണക്കുകൾ ഉദ്ധരിച്ചുള്ള വാർത്തയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്, ജിഎസ്ടി എന്നാൽ ഗബ്ബർ സിങ് ടാക്സ് ആണെന്നാണ് രാഹുൽ പരിഹസിച്ചത്. നാട്ടുകാരുടെ സമ്പാദ്യമെല്ലാം കൊള്ളയടിക്കുന്ന ഗബ്ബർ സിങിനെയും സംഘത്തെയും പോലെ മോദി ജിഎസ്ടി നടപ്പാക്കിയെന്നായിരുന്നു ആരോപണം.

അതിനിടെ, രാഹുൽ‍ ഗാന്ധിക്കെതിരെ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യാ നായിഡു ലോക്സഭാ സ്പീക്കർ സുമിത്ര മഹാജന് അവകാശലംഘന നോട്ടിസ് നൽകിയതായി രാജ്യസഭാ ടിവി റിപ്പോർട്ട് ചെയ്തു. ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കെതിരെ മോശമായ വാക്കുകൾ ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഭൂപേന്ദ്ര യാദവ് പരാതി നൽകിയിരുന്നു. രാഹുലിന്റെ ഒരു ട്വീറ്റിൽ ജയ്റ്റ്ലിയുടെ (Jaitley) പേരിലെ അക്ഷരം Jaitlie എന്നാണ് ഉപയോഗിച്ചതെന്നാണ് വാദം.

ഡിസംബർ 27ന് ട്വിറ്ററിലിട്ട കുറിപ്പിലാണ് രാഹുൽ ജയ്റ്റ്ലിയുടെ പേരിന്റെ അക്ഷരം തെറ്റിച്ച് എഴുതിയത്. പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ മൻമോഹൻ സിങ്ങിനെ അപമാനിച്ചിട്ടില്ലെന്ന് ജയ്റ്റ്ലിയുടെ വിശദീകരണത്തിനു മറുപടിയായാണ്, പറയുന്നതിന്റെ അർഥം പ്രധാനമന്ത്രി ഉദ്ദേശിക്കുന്നില്ലെന്ന് ഓർമിപ്പിച്ചതിനു നന്ദിയെന്ന് രാഹുൽ ട്വീറ്റ് ചെയ്തത്.