പാരിസിൽ സായുധ അക്രമിസംഘം 30 കോടിയുടെ ആഭരണങ്ങൾ കവർന്നു

മോഷണം നടന്ന ഹോട്ടലിൽനിന്നുള്ള ദൃശ്യം.

പാരിസ് ∙ പാരിസിലെ പ്രശസ്ത പഞ്ചക്ഷത്ര ഹോട്ടലായ റിറ്റ്സിൽ ആയുധങ്ങളുമായി അതിക്രമിച്ചു കടന്ന മോഷ്ടാക്കൾ 30 കോടിയിൽപ്പരം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചു. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.30നാണ് സംഭവം. മോഷ്ടാക്കളിൽ മൂന്നുപേരെ പൊലീസ് പിടികൂടിയതായാണ് വിവരം. രണ്ടുപേർ പൊലീസ് എത്തിയപ്പോഴേക്കും രക്ഷപ്പെട്ടു. പിടിയിലായവരിൽനിന്ന് മോഷണ വസ്തുക്കൾ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

കത്തികൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഹോട്ടലിലേക്ക് കടന്ന അഞ്ചംഗ അക്രമിസംഘം ജനൽച്ചില്ലുകളും അലമാരകളും ഉൾപ്പെടെയുള്ളവയുടെ ചില്ലുകൾ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മോഷണം നടത്തിയത്. ഭീകരാക്രമണമാണെന്ന ധാരണയിൽ ഹോട്ടലിലുണ്ടായിരുന്ന ആളുകൾ രഹസ്യസ്ഥലങ്ങളിൽ അഭയം തേടിയതായും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, പതിവു പട്രോളിങ്ങിന്റെ ഭാഗമായി ഇതിലെ വന്ന പൊലീസുകാരൻ സഹപ്രവർത്തകരെ വിവരമറിയിച്ച് ഇവരെ തടയുകയായിരുന്നു. മൂന്നുപേരെ പിടികൂടാനായെങ്കിലും സംഘത്തിലെ അവശേഷിച്ച രണ്ടുപേർ മോഷണ വസ്തുക്കളുമായി ഹോട്ടലിന്റെ പിന്നിലൂടെ രക്ഷപ്പെട്ടു. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഈജിപ്ഷ്യൻ വ്യവസായിയായ മുഹമ്മദ് അൽ ഫയേദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ മോഷണം നടന്ന ഹോട്ടൽ. ബ്രിട്ടനിലെ ഡയാന രാജകുമാരി ഈ ഹോട്ടലിൽനിന്നുള്ള യാത്രാമധ്യേയാണ് കാർ അപകടത്തിൽ കൊല്ലപ്പെട്ടത്.