ഡൽഹി തീപിടിത്തത്തിൽ 17 പേർ മരിച്ച സംഭവം: ഫാക്ടറി ഉടമ അറസ്റ്റിൽ

കെട്ടിടം തീപിടിത്തത്തിനു ശേഷം. ചിത്രം– എഎൻഐ ട്വിറ്റർ

ന്യൂഡൽഹി∙ വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിൽ‌ ഫാക്ടറിക്കു തീപിടിച്ച് 17 പേർ മരിച്ച സംഭവത്തിൽ ഫാക്ടറി ഉടമ അറസ്റ്റിൽ. ഫാക്ടറിക്കുള്ളിൽ അനധികൃതമായി പടക്കനിർമാണശാല പ്രവർത്തിപ്പിച്ചതിനാണ് ഉടമ മനോജ് ജെയ്നെ പൊലീസ് അറസ്റ്റു ചെയ്തത്.

ബവാനയിൽ പടക്കനിർമാണകേന്ദ്രത്തിലും പ്ലാസ്റ്റിക് ഫാക്ടറിയിലും ശനിയാഴ്ച വൈകിട്ടാണു തീപടർന്നത്. അപകടത്തിൽ പത്തു സ്ത്രീകളും ഏഴു പുരുഷന്മാരുമാണ് മരിച്ചത്. ഡല്‍ഹി സര്‍ക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പിടിയിലായ ഫാക്ടറിയുടമ മനോജ് ജെയ്ൻ.ചിത്രം- എഎൻഐ ട്വിറ്റർ

Read more at:  ഇടുങ്ങിയ വഴിയിൽ ഫാക്ടറികൾ; ബവാന ദുരന്തത്തിന് കാരണമായത് അനാസ്ഥ..

13 മൃതദേഹങ്ങൾ കണ്ടെടുത്തതു പ്ലാസ്റ്റിക് ഫാക്ടറിയിൽനിന്നാണ്. പടക്കനിർമാണ കേന്ദ്രത്തിൽനിന്നു മൂന്നു പേരുടെയും ഭൂഗർഭ ഗോഡൗണിൽനിന്ന് ഒരാളുടെയും മൃതദേഹം ലഭിച്ചു. രക്ഷപ്പെടാൻ കെട്ടിടത്തിൽനിന്നു ചാടിയ ചിലർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

വൈകിട്ട് ആറരയോടെയാണു ഫാക്ടറിക്കു തീ പിടിച്ചെന്ന വിവരം അഗ്നിശമനസേന അറിഞ്ഞത്. ഉടൻ 10 യൂണിറ്റ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്ന് അഗ്നിശമനസേന അറിയിച്ചു. ഡൽഹി വ്യവസായ-അടിസ്ഥാനസൗകര്യ വികസന കോർപറേഷനു (ഡിഎസ്ഐഐഡിസി) കീഴിലുള്ള ബവാന വ്യവസായമേഖലയിൽ ഒട്ടേറെ ചെറുകിട നിർമാണ യൂണിറ്റുകളുണ്ട്.

ആഴ്ചകൾക്കു മുൻപു മുംബൈയിലെ റസ്റ്ററന്‍റിലുണ്ടായ തീപിടിത്തത്തില്‍ സ്ത്രീകളടക്കം 14 പേര്‍ മരിച്ചിരുന്നു. ജനുവരി എട്ടിന് ബെംഗളൂരുവിലെ റസ്റ്ററന്‍റിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേർ മരിച്ചു. ജനുവരി ആറിന് മുംബൈയിലെ സ്റ്റുഡിയോയിലും തീപിടിത്തമുണ്ടായി.