സീറ്റുബെൽറ്റ് ഇടാത്തതിന് ‘പൊലീസ് മർദനം’; ചെന്നൈയിൽ യുവാവ് തീകൊളുത്തി

സീറ്റുബെൽറ്റു ധരിക്കാത്തതിനു പൊലീസ് മർദിച്ചെന്നാരോപിച്ചു തീ കൊളുത്തിയ മണികണ്ഠൻ. ചിത്രം: ട്വിറ്റർ, എൻഡിടിവി

ചെന്നൈ∙ സീറ്റുബെൽറ്റ് ധരിക്കാത്തതിനു ട്രാഫിക് പൊലീസ് തടഞ്ഞുനിർത്തിയ യുവാവ് സ്വയം തീ കൊളുത്തി. 59 ശതമാനത്തോളം പൊള്ളലേറ്റ തിരുനെല്‍വേലി ശങ്കരൻകോവിൽ മണികണ്ഠനെ (21) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നഗരത്തിലെ ഐടി ഇടനാഴിയിൽ വാഹന പരിശോധനയ്ക്കിടെ, സീറ്റ്ബെൽറ്റു ധരിക്കാത്തതിനു മണികണ്ഠനു പൊലീസ് പിഴ ചുമത്തിയിരുന്നു. പൊലീസുമായി തര്‍ക്കത്തിലേർപ്പെട്ട ഇയാൾ, ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച മൊബൈലിൽ വിഡിയോയെടുത്തു. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിക്കുമെന്നും മണികണ്ഠൻ പറഞ്ഞു. ഇതിനുപിന്നാലെ പുറത്തിറങ്ങിയ യുവാവ് കാറിലുണ്ടായിരുന്ന പെട്രോളെടുത്തു ദേഹത്തൊഴിച്ച് തീ കൊളുത്തിയത്. സംഭവത്തെ തുടർന്നു മറ്റു യാത്രക്കാർ റോഡ് ഉപരോധിച്ചു.

മണികണ്ഠനെ ഉടൻ കിൽപാവുക് സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ സംഘം ചികിൽസിക്കുന്നുണ്ടെന്നും ഐസിയുവിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും മെഡിക്കൽ കോളജ് ഡീൻ ഡോ. പി.വസന്തമണി പറഞ്ഞു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്നു മണികണ്ഠനെ ആശുപത്രിയിൽ സന്ദർശിച്ച ചെന്നൈ പൊലീസ് കമ്മിഷണര്‍ എ.കെ.വിശ്വനാഥൻ അറിയിച്ചു.