നഴ്‌സിങ് പ്രവേശനം ഇനി സമയബന്ധിതമായി; ടൈം ഷെഡ്യൂൾ വരും

Representative Image

തിരുവനന്തപുരം ∙ നഴ്‌സിങ് പ്രവേശനം സുതാര്യവും സമയബന്ധിതവുമായും നടത്താന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നഴ്‌സിങ് മാനേജുമെന്റുമായി ചര്‍ച്ച നടത്തി. ബിഎസ്‌സി നഴ്‌സിങ് പ്രവേശനം സമയബന്ധിതവും കാര്യക്ഷമവുമായി നടത്താന്‍ എല്‍ബിഎസ് സെന്ററിനെ ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ഇതിനായി ടൈം ഷെഡ്യൂളും ഉണ്ടാക്കും.

മാനേജ്‌മെന്റ് കോളേജുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ വഴി സര്‍ക്കാര്‍, മറ്റ് സ്വകാര്യ കോളജുകളിലേക്ക് പോകാൻ അവസരമൊരുക്കണമെന്ന് മന്ത്രി മാനേജ്‌മെന്റുകളോട് അഭ്യര്‍ത്ഥിച്ചു. പ്രവേശന നടപടികള്‍ നിരീക്ഷിക്കുന്നതിന് നിരീക്ഷണ സമിതി ഉണ്ടായിരിക്കും. ഈ സമിതി യഥാസമയം യോഗം ചേരണം.

കഴിഞ്ഞ വര്‍ഷം പരീക്ഷാ കമ്മീഷണര്‍ പ്രവേശനം നടത്തിയ സമയത്ത് പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജുമെന്റുകളില്‍ നിന്നും വാങ്ങിയ തുക തിരികെ നല്‍കണമെന്ന് പരീക്ഷാ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. എംഎസ്സി. നഴ്‌സിങ് പ്രവേശനത്തിന് പ്രവേശനപരീക്ഷ നടത്താൻ പരീക്ഷാ കമ്മീഷണറെ ചുമതലപ്പെടുത്തി.