ബിജെപി സഖ്യത്തിന് വീണ്ടും അടിപതറി; ലുധിയാന കോൺഗ്രസ് തൂത്തുവാരി

അമൃത്‌സർ∙ പഞ്ചാബ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ മിന്നുന്ന ജയം ആവർത്തിച്ച് കോൺഗ്രസ്. ലുധിയാന മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 95 സീറ്റുകളിൽ 62 സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചു. 

ബിജെപി - അകാലിദൾ സഖ്യം 21 സീറ്റുകളിലൊതുങ്ങി. അകാലിദളിന് 11, ബിജെപിക്കു പത്തു സീറ്റുമാണ് ലഭിച്ചത്. ലോക് ഇൻസാഫ് പാർട്ടി എഴും ആം ആദ്മി ഒരു സീറ്റിലും ജയിച്ചു. 24 നായിരുന്നു ലുധിയാന കോർപ്പറേഷനിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. 

ഡിസംബറിൽ നടന്ന അമൃത്‌സർ, പട്യാല, ജലന്ധർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിച്ചിരുന്നു. നാൽപത്തിനാലാം വാർഡിലെ തിരഞ്ഞെടുപ്പ് പഞ്ചാബ് തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കിയിരുന്നു. രേഖപ്പെടുത്തിയ വോട്ടും വോട്ടിങ് മെഷീനിലെ എണ്ണവും തമ്മിൽ വ്യതാസം വന്നതിനെ തുടർന്നായിരുന്നു വോട്ടെടുപ്പ് റദ്ദാക്കിയത്.

ലുധിയാന കോർപ്പറേഷനിലെ മുഴുവൻ തിരഞ്ഞെടുപ്പും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിരോമണി അകാലിദൾ - ബിജെപി നേതാക്കൾ പഞ്ചാബ് ഗവർണർ വി.പി സിംഗ് ബാഡ്‌നോറിനെ സമീപിച്ചിരുന്നു.