ഗൗരി വധം: നവീനെ അറസ്റ്റ് ചെയ്തത് പിന്നിൽ ഹിന്ദുക്കളാണെന്നു വരുത്താനെന്നു ബിജെപി

ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ഹിന്ദു യുവസേനാ പ്രവർത്തകൻ കെ.ടി.നവീൻ കുമാറെന്ന ഹൊട്ടെ നവീനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ നാടകമാണെന്ന് ബിജെപി. ഹിന്ദുക്കളാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് സ്ഥാപിക്കാനുള്ള കോൺഗ്രസ് സർക്കാരിന്റെ ശ്രമമാണ് നവീന്റെ അറസ്റ്റിനു പിന്നിലെന്നും ബിജെപി ആരോപിച്ചു. ഗൗരി ലങ്കേഷ് വധക്കേസിൽ പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) കഴിഞ്ഞ ദിവസം നവീൻ കുമാറിനെ പിടികൂടിയത്.

ഇതു വെറും രാഷ്ട്രീയ നാടകം മാത്രമാണ്. ഈ അറസ്റ്റോടെ, ഗൗരി ലങ്കേഷ് വധത്തിനു പിന്നിൽ പ്രവർത്തിച്ചത് ഹിന്ദുക്കളാണെന്ന് വരുത്തിത്തീർക്കാനാണ് കോൺഗ്രസ് സർക്കാരിന്റെ ശ്രമം. അതു ശരിയല്ല. ഈ സർക്കാർ ഹിന്ദു വിരുദ്ധരാണ് – ബിജെപി എംപി ശോഭ കരൻഡ്‌ലാജെ ആരോപിച്ചു.  ഗൗരി ലങ്കേഷ് പത്രിക എഡിറ്ററായിരുന്ന ഗൗരി ലങ്കേഷ് കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണു കൊല്ലപ്പെട്ടത്. 

അതേസമയം, നവീൻ കുമാറല്ല ഇതു ചെയ്തതെന്നു ഇത്ര കൃത്യമായി പറയണമെങ്കിൽ ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ ശോഭയ്ക്ക് അറിയാമായിരിക്കുമെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഹിന്ദുക്കളല്ല ഗൗരി ലങ്കേഷിനെ കൊന്നതെന്ന് ഇത്ര കൃത്യമായി പറയണമെങ്കിൽ അവർക്ക് കൊലപാതകികളെ അറിയാമായിരിക്കും. അങ്ങനെയങ്കിൽ അവർ പൊലീസിനു തെളിവു നൽകട്ടെ. അല്ലെങ്കിൽ തെളിവ് ഒളിപ്പിച്ചതിന് അവർക്കെതിരെ കേസെടുക്കണം – കർണാടകയിലെ കോൺഗ്രസ് വക്താവ് പറഞ്ഞു.