രാഹുൽ ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തി; ജനവിധി അംഗീകരിക്കുന്നതായി പ്രഖ്യാപനം

ന്യൂഡൽഹി∙ ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ ജനവിധി അംഗീകരിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രദേശത്തെ ജനങ്ങൾ നൽകിയ ജനവിധിയെ ബഹുമാനിക്കുന്നുവെന്നു പറഞ്ഞ രാഹുൽ, ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കഠിനാധ്വാനം ചെയ്യുമെന്നും വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് കോൺഗ്രസ് അധ്യക്ഷന്റെ പ്രതികരണമെത്തിയത്. അതിനിടെ, മുത്തശ്ശിയെ സന്ദർശിക്കുന്നതിനായി ഇറ്റലിയിലേക്കു പോയ രാഹുൽ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്.

രാഹുലിന്റെ ട്വിറ്റർ പോസ്റ്റ് ഇങ്ങനെ

ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ ജനവിധി കോൺഗ്രസ് പാർട്ടി അംഗീകരിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വിപുലമാക്കി ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ആത്മാർഥമായി ശ്രമിക്കും. പാർട്ടിക്കായി കഠിനാധ്വാനം ചെയ്ത എല്ലാ കോൺഗ്രസുകാർക്കും ഹൃദയം നിറഞ്ഞ നന്ദി.

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി ചോദ്യം ചെയ്യുന്ന മൂന്നു നിയമസഭാ ഫലങ്ങളും പുറത്തുവന്നതിന്റെ മൂന്നാം ദിവസമാണു പ്രതികരണവുമായുള്ള കോൺഗ്രസ് അധ്യക്ഷന്റെ രംഗപ്രവേശം. മേഘാലയയിൽ ഒൻപതു വർഷം നീണ്ട ഭരണം നഷ്ടമാക്കിയ കോൺഗ്രസിന്, നാഗാലാൻഡിലും ത്രിപുരയിലും ഒരു സീറ്റു പോലും നേടാനായിരുന്നില്ല.

മേഘാലയയിൽ 21 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അവിടെയും ഭരണം പിടിക്കാൻ കോൺഗ്രസിനായിരുന്നില്ല. ആദ്യ ഫലസൂചനകൾ അറിഞ്ഞപ്പോൾത്തന്നെ മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേൽ, കമൽനാഥ്, സി.പി. ജോഷി, മുകുൾ വാസ്‌നിക് എന്നിവരെ ഷില്ലോങ്ങിലേക്ക് അയച്ചെങ്കിലും അതും ഫലം കണ്ടിരുന്നില്ല.