അന്ന് രാഹുലിനെ കണ്ടെങ്കില്‍ ഗുജറാത്തിൽ ബിജെപിയെ തോൽപ്പിക്കാമായിരുന്നു: ഹാര്‍ദിക്

മുംബൈ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചിരുന്നെങ്കിൽ സംസ്ഥാനത്ത് ബിജെപി അധികാരം നിലനിർത്തുന്നത് അനായാസം തടയാമായിരുന്നുവെന്ന് പട്ടേൽ സമരസമിതി നേതാവ് ഹാർദിക് പട്ടേൽ. കൂടിക്കാഴ്ചയ്ക്കു സാധിക്കാതെ പോയതാണ് ഇന്ന് ഗുജറാത്തിൽ ബിജെപിയെ വീണ്ടും അധികാരത്തിൽ എത്തിച്ചെതെന്നും ഹാർദിക് വ്യക്തമാക്കി. മുംബൈയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം മുതലേ‍ ഞാൻ പറയുന്ന കാര്യമിതാണ്. രാഹുൽ ഗാന്ധിയുമായി തിരഞ്ഞെടുപ്പിനു മുൻപ് ഞാൻ കൂടിക്കാഴ്ച നടത്തിയിട്ടില്ല. മമതാ ബാനർജി, നിതീഷ് കുമാർ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവരുമായി ചർച്ച നടത്തിയിരുന്നു. അതുപോലെ അന്ന് രാഹുലിനെ കാണുന്നതിലും ചർച്ച ന‌ടത്തുന്നതിലും തെറ്റില്ലായിരുന്നു. എന്നാൽ ആ ചർച്ച നടക്കാതെ പോയത് ബിജെപിക്ക് നേട്ടമായെന്നും ഹാർദിക് പറഞ്ഞു. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഹാർദിക് പട്ടേൽ രാഹുൽ ഗാന്ധിയെ കണ്ടതായി വ്യാപക പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഇരുവരും അതു നിഷേധിക്കുകയായിരുന്നു.

ഇക്കാര്യത്തിൽ വലിയ പിഴവാണ് സംഭവിച്ചത്. അന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്കു സാധിച്ചിരുന്നെങ്കിൽ ബിജെപി ഗുജറാത്തിൽ 99 സീറ്റിൽ ജയിച്ച സ്ഥാനത്ത് 79ൽ ഒതുങ്ങിയേനെ – പട്ടേൽ പറഞ്ഞു. 182 അംഗ നിയമസഭയിൽ 99 സീറ്റ് നേടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തിയത്. ഹാർദിക് പട്ടേലിന്റെയും അനുയായികളുടെയും പിന്തുണയോടെ നില മെച്ചപ്പെടുത്താനായിരുന്നെങ്കിലും അത് ഭരണം സ്വന്തമാക്കുന്നതിലേക്ക് എത്തിക്കാൻ കോൺഗ്രസിനു സാധിച്ചിരുന്നില്ല.