മന്ത്രിസഭയിൽ വിശ്വാസം നഷ്ടപ്പെട്ടു; കേന്ദ്രത്തിനെതിരെ അവിശ്വാസവുമായി കോൺഗ്രസും

ന്യൂഡൽഹി∙ തെലുങ്കുദേശം പാർട്ടി(ടിഡിപി)ക്കും വൈഎസ്ആർ കോൺഗ്രസിനും പിന്നാലെ കേന്ദ്രസർക്കാരിനെതിരെ അവിശ്വാസപ്രമേയ നോട്ടിസുമായി കോൺഗ്രസും. കേന്ദ്രമന്ത്രിസഭയിൽ സഭയ്ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടിസ്. മാർച്ച് 27നുള്ള ലോക്സഭ നടപടി ക്രമങ്ങളിൽ അവിശ്വാസ പ്രമേയം കൂടി ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. ലോക്സഭ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയാണു നോട്ടിസ് നൽകിയിരിക്കുന്നത്.

ആന്ധ്രപ്രദേശിനു പ്രത്യേക സംസ്ഥാന പദവി നൽകണമെന്ന വിഷയമുന്നയിച്ചാണു ടിഡിപിയും വൈഎസ്ആർ കോൺഗ്രസും നോട്ടിസ് നൽകിയിരിക്കുന്നത്. ഇതിനു കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമേയത്തിന് അനുമതി ലഭിക്കണമെങ്കിൽ 50 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.