‘വിത് ഐഎൻസി ആപ്പ്’ പിൻവലിച്ചത് വിവരം ചോർത്തിയതിനല്ല: കോൺഗ്രസ്

രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ വിവരങ്ങൾ ചോരുന്നുവെന്ന ആരോപണത്തെത്തുടർന്നു കോൺഗ്രസിന്റെ ഔദ്യോഗിക ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽനിന്നു പിൻവലിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പാർട്ടി രംഗത്ത്. ‘വിത് ഐഎൻസി’ (WithINC) എന്ന മൊബൈൽ ആപ്ലിക്കേഷൻ, പാർട്ടിയിൽ അംഗത്വം നേടുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്നും കഴിഞ്ഞ അഞ്ചുമാസമായി ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നില്ലെന്നും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ കോൺഗ്രസ് അറിയിച്ചു.

ആപ്ലിക്കേഷനിൽനിന്ന് ലിങ്ക് നൽകിയിരിക്കുന്ന യുആർഎൽ (http://membership.inc.in) ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ യുആർഎല്ലിൽ മാറ്റം വരുത്തിയിട്ടുണ്ട്. പ്രവർത്തനരഹിതമായ യുആർഎല്‍ ടൈപ്പ് ചെയ്യുമ്പോൾ http://www.inc.in എന്ന യുആർഎല്ലിലേക്കു പോകണമെന്നു നിർദേശിക്കുന്നുണ്ടെന്നും കോൺഗ്രസ് അറിയിച്ചു.

അംഗത്വം നേടുന്നതിനുള്ള ലിങ്ക് മൊബൈൽ ആപ്ലിക്കേഷനിൽനിന്നു വെബ്സൈറ്റിലേക്കു മാറ്റിയിരുന്നു. ഇതിനുശേഷം സമൂഹമാധ്യമങ്ങളിലേക്കുള്ള അപ്ഡേറ്റുകൾ മാത്രമാണ് ഈ ആപ്ലിക്കേഷൻ വഴി നടത്തിയിരുന്നത്. എന്നാൽ പ്രവർത്തനരഹിതമായ യുആർഎല്‍ ഉപയോഗിച്ചു സമൂഹമാധ്യമത്തിൽ കോൺഗ്രസിനെ താഴ്ത്തിക്കെട്ടാനുള്ള നീക്കങ്ങൾ വർധിച്ചതിനാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാലും തിങ്കൾ രാവിലെ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽനിന്നു നീക്കാൻ നിർബന്ധിതമാവുകയായിരുന്നുവെന്നും ട്വീറ്റിൽ പറയുന്നു.

കോൺഗ്രസ് അംഗത്വം നേടാനുള്ള വെബ്സൈറ്റ് ലിങ്കും ട്വിറ്ററിൽ കൊടുത്തിട്ടുണ്ട്. മാത്രമല്ല, ഡേറ്റ ചോർന്നെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതിനിടെ, ഈ യുആർഎൽ അഞ്ചുമാസമായി പ്രവർത്തനരഹിതമാണെന്ന് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഇൻ ചാർജ് ദിവ്യ സ്പന്ദന ട്വിറ്ററിൽ കുറിച്ചു. ഇപ്പോൾ അംഗത്വവിതരണം വെബ്സൈറ്റ് വഴിയാണെന്നും ഇതു മനസ്സിലാക്കാൻ ഇത്ര പ്രയാസമാണോയെന്നും അവർ ചോദിച്ചു.