ബംഗാളിനെയും വീഴ്ത്തി (1-0); സന്തോഷ് ട്രോഫിയിൽ കേരളം ഗ്രൂപ്പ് ചാംപ്യൻമാർ

കൊൽക്കത്ത മോഹൻ ബഗാൻ സ്റ്റേഡിയത്തിൽ നടന്ന കേരളം–ബംഗാൾ സന്തോഷ് ട്രോഫി മൽസരത്തിൽനിന്ന്. (ചിത്രം: പ്രതീഷ് ജി.നായർ)

കൊൽക്കത്ത ∙ ആതിഥേയരായ ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്നു കേരളം ഗ്രൂപ്പ് ചാംപ്യന്മാരായി സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. 90–ാം മിനിറ്റിൽ കെ.പി. രാഹുൽ നേടിയ ഉജ്ജ്വല ഗോളിലാണു കേരളം ബംഗാളിനെ മറികടന്നത്. ഇതോടെ ഗ്രൂപ്പിലെ നാലു മത്സരങ്ങളും ജയിച്ച കേരളം 12 പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്മാരായി. കേരളത്തോടു മാത്രം പരാജയപ്പെട്ട ബംഗാൾ ഒൻപതു പോയിന്റോടെ രണ്ടാം സ്ഥാനക്കാരായും സെമിയിലെത്തി. ഇരു ടീമുകളും നേരത്തെ തന്നെ സെമിഫൈനൽ ഉറപ്പിച്ചിരുന്നതിനാൽ ഇന്നത്തെ മത്സരം ഗ്രൂപ്പ് ചാംപ്യന്മാരെ നിശ്ചയിക്കുന്നതിനായി മാത്രമായിരുന്നു.

മോഹൻ ബഗാൻ എഫ്സിയുടെ ഗ്രൗണ്ടിൽ തുല്യരുടെ പോരാട്ടമായിരുന്നു കണ്ടത്. ഇരു ടീമുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടു നിന്നു. പ്രതിരോധത്തിൽ കേരളം ബംഗാളും ഒരുപോലെ ശോഭിച്ചപ്പോൾ ഗോൾ അവസരങ്ങൾ കാര്യമായി തുറന്നു വന്നില്ല. പന്ത് കൈവശം വച്ചു കളിക്കുന്നതിൽ കേരളത്തെക്കാൾ ബംഗാൾ മുന്നിൽ നിന്നപ്പോൾ ബംഗാളിന്റെ നീക്കങ്ങളെ മുറിച്ച് കേരളം മറുപടി നൽകി.

ബംഗാളിന്റെ സൗരഭ് ദാസ് ഗുപ്ത മികച്ച രണ്ട് അവസരങ്ങൾ പാഴാക്കിയപ്പോൾ കേരളത്തിന്റെ വി.കെ. അഫ്ദലിനും ബംഗാളി പോസ്റ്റിൽ കാലിടറി. വലതു വിങ്ങിൽ നിന്നുള്ള എം.എസ്. ജിതിന്റെ സുന്ദരൻ ക്രോസാണ് കെ.പി. രാഹുൽ ഗോളാക്കിയത്. ഇതോടെ സ്വന്തം ഗോൾ നേട്ടം മൂന്നാക്കി ഉയർത്താനും രാഹുലിനു സാധിച്ചു.

ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ മണിപ്പൂരിനെ ഗോളിൽ മുക്കി മഹാരാഷ്ട്ര അവസാന മത്സരം ഗംഭീരമാക്കി. ഇരു ടീമുകളും നേരത്തെ തന്നെ സെമിഫൈനൽ കാണാതെ പുറത്തായതിനാൽ മത്സര ഫലം പ്രത്യേകിച്ച് പ്രയോജനമില്ലാത്തതായിരുന്നു.

ചാൻസോ ഹൊറാമിലൂടെ മണിപ്പൂരാണു മുന്നിലെത്തിയത്. എന്നാല്‍ സാഹിൽ ഭൊക്കാറെയിലൂടെ 28–ാം മിനിറ്റിൽ മഹാരാഷ്ട്ര സമനില പിടിച്ചു. 40–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ നൂറം ധനഞ്ജയ സിങ്ങ് മണിപ്പൂരിന്റെ ലീഡുയർത്തി. രണ്ടാം പകുതിയിൽ പിന്നെക്കണ്ടത് മഹാരാഷ്ട്രയുടെ ഗോൾ വർഷം. 59, 78, 90 മിനിറ്റുകളിൽ രൺജീത് സിങ് നേടിയ ഹാട്രിക്കും നിഖിൽ പ്രഭു (76), കിരൺ പന്ഥരെ (76), മൊഹമ്മദ് റഹ്മാൻ അൻസാരി (90+3) എന്നിവരുടെ ഗോളുകളും മണിപ്പൂരിനെ മുക്കി.

നാളെ നടക്കുന്ന ബി ഗ്രൂപ്പിലെ മത്സരങ്ങൾ പൂർത്തിയായാൽ മാത്രമേ സെമിഫൈനൽ ലൈനപ്പ് പൂർണമാകൂ. നാളെ നടക്കുന്ന മത്സരങ്ങളിൽ മിസോറം കർണാടകയേയും പഞ്ചാബ് ഗോവയേയും നേരിടും. നാലു ടീമുകൾക്കും സെമി ഫൈനലിൽ പ്രവേശിക്കാൻ‍ സാധ്യതയുള്ളതിനാൽ ഇരു മത്സരങ്ങളും നിർണായകമാണ്.