ഒറ്റയാനായി സിദ്ധരാമയ്യ, ചെറുക്കാൻ യെഡിയൂരപ്പ, ഒപ്പം മോദി–ഷാ; ആരു നേടും?

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും. ബിജെപി അധ്യക്ഷൻ അമിത് ഷായും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പയും.

ബെംഗളൂരു∙ തീയതി കുറിച്ചു, കേളികൊട്ടുയർന്നു, കർണാടക ഔദ്യോഗികമായി തിരഞ്ഞെടുപ്പു തിരക്കിലേക്ക്. മേയ് 12ന് വോട്ടെണ്ണുമ്പോൾ ആർക്കാകും നേട്ടവും കോട്ടവും? കർണാടകയിൽ കൂടുതൽ സീറ്റുകളോടെ കോൺഗ്രസ് ഭരണം നിലനിർത്തുമെന്നു സി-ഫോർ ഏജൻസിയുടെ സർവേഫലം വന്നതോടെ ആവേശത്തിലാണു പാർട്ടി. പക്ഷേ, ചരിത്രം മറ്റൊന്നാകുമെന്നാണു ബിജെപിയുടെ അവകാശവാദം.

ഒരു വർഷം മുൻപേ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങിയിരുന്നു. രാഹുൽ ഗാന്ധിയുടെ സംസ്ഥാന പര്യടനങ്ങൾ കൂടി കഴിഞ്ഞതോടെ കോൺ‌ഗ്രസ് ക്യാംപ് ഉഷാറിലാണ്. മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയെ പാർട്ടി നേതൃത്വത്തിലേക്കു തിരികെയെത്തിച്ചാണു ബിജെപി തിരഞ്ഞെടുപ്പിനു കളമൊരുക്കിയത്. ദക്ഷിണേന്ത്യ പിടിച്ചടക്കുകയെന്ന ലക്ഷ്യത്തിനു കർണാടക നേടേണ്ടത് അത്യാവശ്യമാണെന്നു ബിജെപി കണക്കുകൂട്ടുന്നു.

നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പെടെയുള്ളവർ പര്യടനം നടത്തിയതോടെ യെഡിയൂരപ്പയിൽനിന്നു പ്രചാരണത്തിന്റെ മുഖം ദേശീയ വിഷയങ്ങളിലേക്കു മാറി. യെഡിയൂരപ്പ നിർണായക ഘടകമാവില്ലെന്നു കരുതുന്നവർ പാർട്ടിയിലുണ്ട്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയും മകൻ എച്ച്.ഡി. കുമാരസ്വാമിയും നയിക്കുന്ന ജനതാ ദൾ– സെക്കുലർ (ജെഡിഎസ്) ആണ് മറ്റൊരു പ്രമുഖ പാർട്ടി. വൊക്കലിഗ സമുദായത്തിൽ ശക്തമായ സ്വാധീനമുള്ള ജെഡിഎസ് പക്ഷേ, 11 വർഷമായി അധികാരത്തിനു പുറത്താണ്.

ഓരോ പ്രാവശ്യവും വ്യത്യസ്ത വിഷയങ്ങളാണു കർണാടക തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുള്ളത്. യെഡിയൂരപ്പയ്ക്കു മുഖ്യമന്ത്രി പദം പങ്കുവയ്ക്കാതിരുന്ന കുമാരസ്വാമിയുടെ ‘വഞ്ചന’ ആയിരുന്നു 2008ൽ ബിജെപി വോട്ടാക്കിയത്. സർക്കാരിന്റെ അഴിമതി പ്രതിച്ഛായ തുറന്നുകാട്ടിയാണ് 2013ൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയത്. വികസനവും ലിംഗായത്തുകൾക്കു മത ന്യൂനപക്ഷ പദവി അനുവദിച്ചതും ചൂണ്ടിക്കാട്ടിയാണു സിദ്ധരാമയ്യ അധികാരത്തിൽ തുടരാൻ വോട്ടു ചോദിക്കുന്നത്.

അഴിമതിയാണു ഭരണത്തിന്റെ മുഖമുദ്രയെന്നും മത, സമുദായ മൈത്രി തകർത്തെന്നുമാണു സിദ്ധരാമയ്യയ്ക്കെതിരായ ബിജെപി ആരോപണം. എന്തായാലും ഒരു വശത്ത് സിദ്ധരാമയ്യ ഏതാണ്ട് ഒറ്റയ്ക്കാണ്. മറുവശത്ത് യെഡിയൂരപ്പയ്ക്കു പുറമേ, മോദിയും അമിത് ഷായും എല്ലാം അണിനിരക്കുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി രംഗം കൊഴുക്കുന്നതിനിടെയാണ് അഭിപ്രായ സർവേ വന്നത്. 224 അംഗ നിയമസഭയിൽ കോൺഗ്രസ് സീറ്റ് നില 123ൽനിന്നു 126 ആയി വർധിക്കും. ബിജെപിയുടെ അംഗബലം നാൽപതിൽനിന്ന് എഴുപതാകും. കഴിഞ്ഞ തവണ 40 സീറ്റ് ലഭിച്ച ജനതാദൾ (എസ്) 27 സീറ്റിലൊതുങ്ങും. സർവേ ഫലം കോൺഗ്രസ് ക്യാംപിനെ പോലും അമ്പരിപ്പിച്ചു.

കാര്യം പറയുന്ന കണക്കുകൾ

സർവേ ഫലങ്ങളൊന്നും കാര്യമാക്കേണ്ടെന്നു കണക്കുകൾ ഉദ്ധരിച്ചു ബിജെപി ചൂണ്ടിക്കാട്ടുന്നു. ജനതാ പാർട്ടിയുടെ രാമകൃഷ്ണ ഹെഗ്ഡേയാണ് അവസാനമായി തുടർഭരണം നേടിയത്; 1983–85, 1985–89 വർഷങ്ങളിൽ. തുടർന്നിങ്ങോട്ടു സർക്കാരുകൾ മാറിമാറി വന്നു. ഇതിനിടെ ഒരു ഭരണകക്ഷിക്കുപോലും ജയിക്കാനായിട്ടില്ല. ഈ ചരിത്രം 2018ലും ആവർത്തിക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. ചരിത്രം തിരുത്താനുള്ള നിയോഗം തനിക്കാണെന്നു സിദ്ധരാമയ്യയും പറയുന്നു.

സർവേയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കു 45% പേരും പിന്തുണയ്ക്കുന്നതു സിദ്ധരാമയ്യയെയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പയ്ക്ക് 26%, ദൾ (എസ്) സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമിക്ക് 13% പേരുടെ വീതം പിന്തുണയുണ്ട്. വോട്ട് വിഹിതം സംബന്ധിച്ച പ്രവചനം ഇങ്ങനെ: കോൺഗ്രസ് 46%, ബിജെപി 31%, ദൾ 16%. സി-ഫോർ 2013ൽ കോൺഗ്രസിനു 119-120 സീറ്റുകളാണു പ്രവചിച്ചിരുന്നത്.