മലയാളി ബാലതാരങ്ങളുടെ ചിത്രങ്ങളുമായി അശ്ലീല പോസ്റ്റ്; ഫെയ്സ്ബുക് പേജ് ഉടമകള്‍ കുടുങ്ങും

മലപ്പുറം ∙ മലയാള ടിവി–ചലച്ചിത്രമേഖലയിലെ ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും വോട്ടിങ് നടത്തുകയും ചെയ്ത ഫെയ്സ്ബുക്ക് പേജിന്റെ ഉടമകളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. മൂന്നു ജില്ലകളിലെ ചൈൽഡ്‌ലൈൻ പ്രവർത്തകർ ബാലതാരങ്ങളുടെ  മൊഴിയെടുത്ത്, പോക്സോ കേസ് റജിസ്റ്റർ ചെയ്യണമെന്ന ശുപാർശയോടെ പൊലീസിനു കൈമാറി.

നേരത്തെ, പൊലീസ് നടപടി ശക്തമാക്കിയതിനെത്തുടർന്ന് നിർജീവമായ ‘പീഡോഫീലിയ’ ഫെയ്സ്ബുക്ക് പേജുകളും വെബ്സൈറ്റുകളും മറ്റുപേരുകളിൽ തിരിച്ചെത്തിയതിന്റെ സൂചനയാണു പുതിയ സംഭവം. താരങ്ങളുടെ പേജിലും വിവിധ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ച ഫോട്ടോകളും ലൈവ് വിഡിയോകളുമാണ് അശ്ലീലച്ചുവയോടെ പേജിൽ ഉപയോഗിച്ചിരിക്കുന്നത്. മോശം കമന്റുകളും മോർഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച പേജിലെ ഉള്ളടക്കം ഒട്ടേറെപ്പേർ ഷെയർ ചെയ്തിട്ടുമുണ്ട്.

തെക്കൻ ജില്ലകളിലൊന്നിലെ ചൈൽഡ്‌ലൈനിൽ ലഭിച്ച രഹസ്യവിവരം അനുസരിച്ച് പ്രാഥമികാന്വേഷണം നടത്തിയപ്പോഴാണ് കൂടുതൽ കുട്ടികളുടെ ചിത്രങ്ങൾ അശ്ലീലച്ചുവയോടെ ഉപയോഗിച്ചതായി കണ്ടെത്തിയത്. ബാലതാരത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം മറ്റു ജില്ലകളിലും പരിശോധന നടത്തുകയായിരുന്നു. തുടർന്ന് രണ്ടാമത്തെ താരത്തിന്റെ മൊഴിയെടുത്തു. തൊട്ടുപിന്നാലെ മറ്റൊരു ജില്ലയിലും മൊഴി രേഖപ്പെടുത്തി. മൂന്നു ജില്ലകളിലായി  മൂന്നു പോലീസ് സ്റ്റേഷനുകളിലാണ് കേസ് കൈകാര്യം ചെയ്യുന്നത്. കൂടുതൽ ബാലതാരങ്ങളുടെ മൊഴിയെടുക്കുന്നതോടെ കൂടുതൽ സ്റ്റേഷനുകളിൽ കേസുകൾ റജിസ്റ്റർ ചെയ്യും. 

ഈ ഫെയ്സ്ബുക്ക് പേജ് മറ്റ് അശ്ലീല പേജുകളിൽനിന്നുള്ള ചിത്രങ്ങൾ ഷെയർചെയ്യുക കൂടി ചെയ്തതിനാൽ അവയുടെ ഉടമകളും അന്വേഷണത്തിനു കീഴിൽ വരും. പ്രമുഖനടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങളും പേജിലുണ്ട്. ഏതാനും മാസം മുൻപ് പൊലീസ് ഇടപെട്ട് പൂട്ടിയ ഫെയ്സ്ബുക്ക് പേജുകളെക്കുറിച്ചുള്ള ചർച്ചകളും പേജിൽ നടന്നിട്ടുണ്ട്.