യതീന്ദ്രയും വിജയേന്ദ്രയും നേർക്കുനേർ; കർണാടകയിലെ വരുണയിൽ ‘മക്കൾപോരാട്ടം’

ബി.എസ്.യെഡിയൂരപ്പയുടെ മകൻ വിജയേന്ദ്രയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയും. ചിത്രം: ട്വിറ്റർ

ബെംഗളൂരു ∙ തിരഞ്ഞെടുപ്പ് പോരാട്ടം മുറുകാൻ ഇനിയും ദിവസങ്ങളുണ്ടെങ്കിലും താരപ്പകിട്ടിലേക്ക് ഉയർന്നിരിക്കുകയാണു കർണാടകയിലെ വരുണ മണ്ഡലം. താരങ്ങളല്ല, താര മക്കൾ അണിനിരക്കുന്നതിന്റെ പേരിലാണു വരുണ വാർത്തകളിൽ നിറയുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര കോൺഗ്രസ് ടിക്കറ്റിലും മുൻ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്.യെഡിയൂരപ്പയുടെ മകൻ വിജയേന്ദ്ര ബിജെപി ടിക്കറ്റിലും മത്സരിക്കുന്നു. രണ്ടു പാർട്ടികളുടെ മുഖങ്ങളായ നേതാക്കളുടെ മക്കൾ പോരാടുമ്പോൾ വരുണ മണ്ഡ‍ലത്തിൽ തീ പാറുമെന്നുറപ്പ്.

2008ൽ മണ്ഡല പുനർനിർണയത്തിന്റെ ഭാഗമായാണു വരുണ നിലവിൽ വന്നത്. 1983നും 2008നും ഇടയിൽ ഏഴു തിരഞ്ഞെടുപ്പുകളിൽ സിദ്ധരാമയ്യ മത്സരിച്ചതു ചാമുണ്ഡേശ്വരി മണ്ഡലത്തിലായിരുന്നു. മൈസൂരു കൊട്ടാരത്തിന്റെ സമീപപ്രദേശത്തുള്ള വരുണയിലേക്കു പിന്നീടു സിദ്ധരാമയ്യ ചുവടു മാറ്റി. ഇത്തവണ വരുണയിലേക്കു മകനെ നിയോഗിച്ചു ചാമുണ്ഡേശ്വരിയിലേക്കു മടങ്ങാനാണു സിദ്ധരാമയ്യയുടെ തീരുമാനം.

സിദ്ധരാമയ്യയ്ക്കു വൻ സ്വാധീനമുള്ള മൈസൂരു പ്രദേശത്താണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രണ്ടു പേരും ഇവിടെ പല തവണ പ്രചാരണത്തിനെത്തി. മോദി, ഷാ തുടങ്ങി നേതാക്കളുടെ സാന്നിധ്യം കൂടിയായതോടെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന മത്സരത്തിനാണു വരുണയിൽ അരങ്ങൊരുങ്ങുന്നത്. വരുണയിൽ മകനെയാണു മത്സരിപ്പിക്കുന്നതെന്നു സിദ്ധരാമയ്യ പ്രഖ്യാപിച്ചപ്പോൾ, ശക്തനായ എതിരാളിയെ തിരഞ്ഞു ബിജെപി എത്തിയത് വിജയേന്ദ്രയിലാണ്.

രണ്ടു മക്കളാണു യെഡിയൂരപ്പയ്ക്ക്. മൂത്ത മകൻ ബി.വൈ.രാഘവേന്ദ്ര ഷിമോഗ ജില്ലയിലെ ഷിക്കാരിപുരയിൽ നിന്നുള്ള എംഎൽഎയാണ്. അതിനു മുൻപു ഷിമോഗയിലെ എംപി ആയിരുന്നു. മത്സരിക്കാൻ യെഡിയൂരപ്പ സന്നദ്ധത അറിയിച്ചതോടെ ഈ മണ്ഡലം രാഘവേന്ദ്ര വിട്ടുനൽകി. സമീപത്തെ റാണെബെന്നൂർ സീറ്റിലേക്കാണു രാഘവേന്ദ്രയുടെ നോട്ടമെന്നു കേൾക്കുന്നു. ഇളയമകൻ വിജയേന്ദ്രയെ രാഷ്ട്രീയത്തിലിറക്കാൻ യെഡിയൂരപ്പ കണ്ടുവച്ചത് വരുണയാണ്. വിജയേന്ദ്രയുടെ ആദ്യ തിരഞ്ഞെടുപ്പാണിത്.

രാഷ്ട്രീയത്തിൽ തത്പരനായിരുന്നില്ല മെഡിക്കൽ പ്രാക്ടീഷണർ ആയ യതീന്ദ്ര. മൂത്ത സഹോദരൻ രാകേഷ് ആയിരുന്നു സിദ്ധരാമയ്യയുടെ നിഴലായി കൂടെയുണ്ടായിരുന്നത്. പിൻഗാമിയായി കരുതപ്പെട്ടതും രാകേഷായിരുന്നു. 2016ൽ ബെൽജിയത്തിൽ രാകേഷ് മരിച്ചതോടെയാണു യതീന്ദ്രയിലേക്കു ശ്രദ്ധ തിരിഞ്ഞത്. രണ്ടു വർഷത്തോളമായി മണ്ഡലത്തിൽ സജീവമായ യതീന്ദ്രയ്ക്കു നാട്ടുകാരുമായി നല്ല ബന്ധമാണ്. വരുണ നിവാസികൾക്ക് യതീന്ദ്ര ‘നാട്ടുകാരൻ’ ആയിരിക്കുമ്പോൾ, വിജയേന്ദ്ര ‘പുറത്തുനിന്നുള്ള’ സ്ഥാനാർഥിയാണ്.

മൈസൂരു മേഖലയിൽ വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതാണ് ഇവിടെ ബിജെപി നേരിടുന്ന പ്രശ്നം. ജെഡിഎസിനും കോൺഗ്രസിനുമാണു കൂടുതൽ സ്വാധീനം. 2013ലെ തിരഞ്ഞെടുപ്പിൽ മൈസൂരു മേഖലയിൽനിന്ന് ഒരു സീറ്റു പോലും പാർട്ടിക്കു നേടാനായില്ല. വരുണയിൽ കെജെപി ടിക്കറ്റിൽ മത്സരിച്ച യെഡിയൂരപ്പയുടെ പേഴ്സനൽ അസിസ്റ്റന്റ് കാപു സിദ്ധലിംഗസ്വാമിയെ 30,000 വോട്ടിനാണു കഴിഞ്ഞ‌തവണ സിദ്ധരാമയ്യ തോൽപ്പിച്ചത്.

വീരശൈവരുടെ എണ്ണം കൂടുതലുള്ള മണ്ഡലമാണു വരുണ. ല‌ിംഗായത്തുകൾക്കു മത ന്യൂനപക്ഷ പദവി നൽകിയ സർക്കാർ തീരുമാനത്തിൽ ഇവർക്ക് അതൃപ്തിയുണ്ട്. അവസരം മുതലെടുത്തു വീരശൈവരുടെ പിന്തുണ നേടാമെന്നും എസ്‌സി, എസ്ടി വോട്ടുകൾ ഭിന്നിപ്പിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. എന്നാൽ, ഭിന്നിപ്പിക്കൽ വിലപ്പോവില്ലെന്നും ഇവിടെയുള്ള സമുദായങ്ങൾ തനിക്കാണു വോട്ട് ചെയ്തിട്ടുള്ളതെന്നും തുടർന്നും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.