Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യവേഗം ഇനി സൂര്യനിലേക്ക്; പാർക്കർ സോളർ പ്രോബ് വിക്ഷേപണം ജൂലൈയിൽ

Solar Parker Probe പാർക്കർ സോളർ പ്രോബ് ചിത്രകാരന്റെ ഭാവനയിൽ (നാസ പുറത്തുവിട്ടത്)

വാഷിങ്ടൻ∙ സൂര്യനെ ലക്ഷ്യമാക്കി നാസയുടെ പാർക്കർ സോളർ പ്രോബ് ജൂലൈ 31നു കുതിച്ചുയരും. സൗര ദൗത്യത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങളിലാണ് ഇപ്പോള്‍ നാസ. വിക്ഷേപണ വാഹനമായ ഡെൽറ്റ നാലുമായി ബന്ധിപ്പിക്കുന്നതിനു ബഹിരാകാശ പേടകത്തെ യുഎസ് വ്യോമസേന ഫ്ലോറിഡയിലെത്തിച്ചു.

മനുഷ്യരാശിയുടെ ആദ്യ സൗരദൗത്യമാണ് പാര്‍ക്കർ സോളർ പ്രോബ്. വിക്ഷേപണത്തിനു ശേഷം സൂര്യന്റെ കൊറോണയിലായിരിക്കും പേടകം ഭ്രമണം ചെയ്യുക. ഇതോ‍ടെ സൂര്യന്റെ ഏറ്റവും അടുത്ത് എത്തുന്ന ആദ്യത്തെ മനുഷ്യ നിർമിത വസ്തുവെന്ന നേട്ടവും സോളർ പ്രോബിനു സ്വന്തമാകും. അടുത്ത മാസങ്ങളില്‍ തുടർച്ചയായ പരീക്ഷണങ്ങളിലൂടെയായിരിക്കും ഇനി ബഹിരാകാശ പേടകം കടന്നുപോകുക.

പേടകത്തിനു സൂര്യന്റെ കത്തിക്കാളുന്ന ചൂടിൽ നിന്നു രക്ഷനേടുന്നതിനായി തെർമൽ പ്രൊട്ടക്‌‍ഷൻ സിസ്റ്റം (ടിപിഎസ്) സ്ഥാപിക്കുന്ന നടപടിയിലേക്കാണ് ഇനി കടക്കുക. സൂര്യന് 9.8 ദശലക്ഷം കിലോമീറ്റർ വരെ അടുത്ത് കൊറോണയിൽ നിന്നുള്ള ചൂടിനെ പേടകം അതിജീവിക്കുന്നതിനാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ടിപിഎസ് സ്ഥാപിക്കുകയെന്നത് വിക്ഷേപണ വാഹനവുമായി കൂട്ടിച്ചേർക്കുന്നതിനു മുന്‍പത്തെ പ്രധാന ഘട്ടമാണെന്നും പാർക്കർ സോളർ പ്രോബ് പ്രോജക്ട് മാനേജർ‌ ജോൺ ഹോപ്‍കിൻസ് അറിയിച്ചു.

parker പാർക്കർ സോളർ പ്രോബ് ഫ്ലോറിഡയിലെത്തിച്ചപ്പോൾ. ചിത്രം: നാസ ട്വിറ്റർ

ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നാണ് പാർക്കർ സോളർ പ്രോബ് കുതിച്ചുയരുക. ഏഴു വർഷം നീളുന്ന പദ്ധതിക്കൊടുവിൽ നക്ഷത്രങ്ങളെക്കുറിച്ചു നിലനിൽക്കുന്ന ഒട്ടേറെ സംശയങ്ങൾക്ക് ഉത്തരം ലഭിക്കുമെന്നാണു നാസയുടെ പ്രതീക്ഷ.