Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്യഗ്രഹജീവികൾ നമ്മോടൊപ്പം ഉണ്ടാകാം: നാസ ശാസ്ത്രജ്ഞൻ

Alien

ലണ്ടൻ ∙ ‘അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നിട്ടുണ്ടാകാം. മനുഷ്യർ സങ്കൽപിക്കുന്ന രൂപത്തിലല്ല, മറിച്ച് നാം തീരെ പ്രതീക്ഷിക്കാത്ത രൂപത്തിൽ‌’– പറയുന്നത് സിൽവാനോ പി. കോളമ്പാനോ. നാസാ ആമിസ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകൻ. കോളമ്പാനോ മറ്റൊന്നു കൂടി പറയുന്നു: ‘ഇവയ്ക്ക് വലുപ്പം കുറവും ബുദ്ധി കൂടുതലുമാകാം, മനുഷ്യരുടെ മനസ്സിലുള്ള രൂപം ഇവർക്കില്ലാത്തതിനാൽ നമ്മൾ അവരെ തിരിച്ചറിഞ്ഞു കാണില്ല.’

പ്രപഞ്ചത്തിലെ പരകോടി നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും ഇടയിലുള്ള സഞ്ചാരം മനുഷ്യന് ഇപ്പോഴും ചിന്തിക്കാൻ കഴിയാത്ത സമസ്യയാണ്. എന്നാൽ, അതിനുള്ള ശേഷി നേടിയവരാകാം അന്യഗ്രഹ ജീവികൾ. ഭൂമിയിൽ ശാസ്ത്രീയമായ വൻ മുന്നേറ്റങ്ങൾ തുടങ്ങിയിട്ട് 500 വർഷമേ ആകുന്നുള്ളൂ, അതിനും വളരെ മുൻപ് ശാസ്ത്ര പുരോഗതി നേടിയ സമൂഹമാകാം അന്യഗ്രഹ ജീവികളുടേത്. അവരെക്കുറിച്ചുള്ള കെട്ടുകഥകളും മനസ്സിലുറച്ച ധാരണകളും ഉപേക്ഷിച്ച് കൂടുതൽ പഠനം നടത്താൻ ശാസ്ത്ര ലോകം തയാറാകണമെന്നും കോളമ്പാനോ നിർദേശിച്ചു.

പ്രഫസർ കൂടിയായ കോളമ്പാനോയുടെ പ്രബന്ധം രാജ്യാന്തര തലത്തിൽ ചർച്ചയായിട്ടുണ്ട്. എന്നാൽ, അന്യഗ്രഹ ജീവികൾ ഉണ്ടാകാനുള്ള സാധ്യത വിലയിരുത്തുക മാത്രമാണു താൻ ചെയ്തതെന്ന്  കോളമ്പാനോ പിന്നീട് വിശദീകരിച്ചു. കോളമ്പാനോയുടെ ലേഖനത്തിന്റെ ലിങ്ക് നാസയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സൗരയൂഥത്തിലെത്തിയ ഔമാമുവ എന്ന പാറക്കഷണം അന്യഗ്രഹജീവികളുടെ പേടകമാണെന്നു ഹാർവഡ‍് സർവകലാശാല ഗവേഷകൻ ഏബ്രഹാം ലീബ് നേരത്തെ പറഞ്ഞതു വിവാദമായിരുന്നു.