അഴിമതിക്കെതിരെ പറയാൻ ഇന്ന് മോദിക്ക് വാക്കുകളില്ല: മുകുൾ വാസ്നിക്

കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്

കോഴിക്കോട്∙ അഴിമതിയോടു സന്ധിയില്ലെന്നു പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന മോദിക്ക് ഇപ്പോൾ ജനങ്ങളോടാണ് സന്ധിയില്ലാത്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്. അഴിമതിക്കെതിരെ പറയാൻ ഇന്നു മോദിക്കും കൂട്ടർക്കും വാക്കുകളില്ല. നിരവ് മോദിയും വിജയ് മല്യയും ജയ് ഷായുമൊക്കെ ചെയ്ത അഴിമതിയിൽ ഈ സർക്കാരിന് ഒന്നും പറയാനില്ല. ദിവസവും കർഷകർ ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്ന രാജ്യത്ത് വൻകിട കള്ളപ്പണക്കാർക്കു രക്ഷപ്പെടാൻ സർക്കാർ വഴി ഒരുക്കുന്ന തിരക്കിലാണെന്നും മുകുൾ വാസ്നിക് പറഞ്ഞു. ജനമോചന യാത്രയ്ക്കു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തു ജനാധിപത്യ മതേതര ചേരിക്കു പാരവയ്ക്കുന്ന ഒരേയൊരു പ്രസ്ഥാനം സിപിഎമ്മാണെന്നു മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കു‍ഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വന്തം ശത്രുവിനെ തിരിച്ചറിയാനാവാതെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ സിപിഎം അലയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവർ വലിയ കാര്യങ്ങളൊന്നും ജനങ്ങൾക്കു ചെയ്യേണ്ട. കുറഞ്ഞ പക്ഷം ജനങ്ങളെ കൊല്ലാതിരിക്കാനെങ്കിലും സിപിഎമ്മിനാവുമോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. 

രാജ്യത്തിന്റെ കാവൽക്കാരനാണെന്നു സ്വയം വിശേഷിപ്പിച്ച് അധികാരത്തിൽ കയറിയ മോദി കൊള്ളക്കാരനാണെന്നു തെളിയിക്കുന്ന ഭരണമാണ് നാലുവർഷം കൊണ്ടു നടത്തിയതെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. സ്വപ്നങ്ങൾ വാരി വിതറിയ സ്വപ്ന വ്യാപാരിയാണ് മോദി. അച്ഛാ ദിൻ എവിടെ പോയി? കഷ്ടകാല ദിനങ്ങളാണ് ജനങ്ങൾക്ക്. രാജ്യത്തിന്റെ ദേശീയത ഇപ്പോൾ വർഗീയതയാണ്. എല്ലായിടത്തും മുതലാളിത്തത്തിന്റെ കൊടി നാട്ടിയിരിക്കുകയാണെന്നും ഹസൻ പറഞ്ഞു.