എല്‍ഇഡി ക്യാമറ വഴി രഹസ്യം ചോര്‍ത്തി, കേരളം കണ്ട ഏറ്റവും വലിയ എടിഎം തട്ടിപ്പിന്റെ കഥ

പൊലീസ് പിടിയിലായ ജിന്റോ ജോയി

തിരുവനന്തപുരം ∙ വിദേശ വിനോദസഞ്ചാരികളുടെ ക്രെഡിറ്റ് കാര്‍ഡും പിന്‍ നമ്പറും ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയെ സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തതോടെ പുറത്തുവരുന്നത് കേരളം കണ്ട ഏറ്റവും വലിയ എടിഎം തട്ടിപ്പിന്റെ കഥ. വിദേശപണം വിനിമയം ചെയ്യുന്ന സ്ഥാപനത്തിന്റെ മറവില്‍ തട്ടിപ്പു നടത്താന്‍ ചാലക്കുടി സ്വദേശി ജിന്റോ ജോയിയെ സഹായിച്ചത് എല്‍ഇഡി ബള്‍ബിന്റെ വലിപ്പമുള്ള ക്യാമറയാണ്. തന്റെ കടയുടെ തൊട്ടടുത്തുള്ള കടയിലെ പിഒഎസ് മെഷീന്‍ വാടയ്ക്കെടുത്താണ് തട്ടിപ്പ് നടത്തിയത്. കടക്കാരന് ദിവസവും കമ്മിഷന്‍ കൊടുത്തിരുന്നതിനാല്‍ മെഷീന്‍  എന്തു ചെയ്യുന്നു എന്ന് അയാള്‍ അന്വേഷിച്ചതുമില്ല. ദിവസങ്ങള്‍ നീണ്ട ഓപ്പറേഷനിലൂടെയാണ് ഡല്‍ഹിയില്‍നിന്ന് കേരള പൊലീസിലെ സൈബര്‍ വിഭാഗം പ്രതിയെ പിടികൂടിയത്.

∙ കാര്‍ഡിലെ രഹസ്യം ചോര്‍ത്താന്‍ എല്‍ഇഡി ക്യാമറ

ഫ്രഞ്ച് പൗരന്‍ ഫ്രാങ്കോയിസ് മൗസിസ് ജനുവരി മാസത്തില്‍ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന് പരാതി നല്‍കിയതോടെയാണ് അന്വേഷണത്തിന് തുടക്കമാകുന്നത്. എടിഎമ്മില്‍നിന്ന് മറ്റാരോ പണം പിന്‍വലിച്ചെന്നായിരുന്നു പരാതി. ഐജിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സൈബര്‍ ക്രൈംപൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. 

ഫ്രാങ്കോയിസ് മൗസിസിന്റെ മൊഴി അനുസരിച്ച് അവസാനമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചത് വര്‍ക്കലയിലാണ്. ജനുവരി 16 ന്. എന്നാല്‍ ജനുവരി 19 ന് പണം പിന്‍വലിച്ചതായി എസ്എംഎസ് ലഭിച്ചതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. സൈബര്‍ പൊലീസിന്റെ അന്വേഷണത്തില്‍ എറണാകുളത്തുനിന്നും വര്‍ക്കലയില്‍നിന്നുമാണ് ഫ്രാങ്കോയിസ് കാര്‍‌ഡ് ഉപയോഗിച്ചതെന്ന് മനസിലാക്കി. പണം നഷ്ടപ്പെട്ടത് വര്‍ക്കലയില്‍നിന്നാണ്.

വര്‍ക്കലയില്‍ പിഒഎസ് മെഷീന്‍ ഉപയോഗിക്കുന്ന കടകളിലും എടിഎമ്മുകളിലും സൈബര്‍ പൊലീസ് പരിശോധന നടത്തി. ഒരു സാധാരണ ജൂസ് കടയിലെ പിഒഎസ് മെഷീനില്‍ ദിവസവും മൂന്നു ലക്ഷംരൂപവരെ ഇടപാട് നടക്കുന്നതായി കണ്ടെത്തിയതോടെ അന്വേഷണത്തില്‍ ആദ്യ വഴിത്തിരിവായി. കടയുടമയെ ചോദ്യം ചെയ്തു. ഉടമയ്ക്ക് ഇതേക്കുറിച്ചൊന്നും ഒരു ധാരണയുമുണ്ടായിരുന്നില്ല. ‘വിദേശികള്‍ വരുന്നതുകൊണ്ടാണ് കടയില്‍ പിഒഎസ് മെഷീന്‍ സ്ഥാപിച്ചത്. വലിയ കച്ചവടം ഇല്ലാത്തതിനാല്‍ തൊട്ടടുത്ത കടക്കാരന്‍ ചോദിച്ചപ്പോള്‍ മെഷീന്‍ ഉപയോഗിക്കാനായി കൊടുത്തിട്ടുണ്ട്’ - കടക്കാരന്‍ വെളിപ്പെടുത്തി.

Read More: എടിഎം: ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചോളൂ

Read More: കോടികളുടെ സൈബർ കൊള്ള നടക്കുന്നത് എങ്ങനെ?

Read More: മണിക്കൂറിനകം തട്ടിയത് 301 കോടി രൂപ, ഏറ്റവും വലിയ എടിഎം കൊള്ള

വിദേശപണം മാറി ഇന്ത്യന്‍ രൂപ നല്‍കുന്ന പണമിടപാട് സ്ഥാപനമാണ് തൊട്ടടുത്ത്. കടയില്‍ കൂടുതലും കര്‍ണാടക സ്വദേശികളാണ്. ഒരാളെ സൈബര്‍സംഘം കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ സംഭവത്തിന്റെ ചുരുളുകളഴിഞ്ഞു. ഉടമ ചാലക്കുടി സ്വദേശി ജിന്റോ ജോയി. വിദേശ പണം മാറി ഇന്ത്യന്‍രൂപ നല്‍കുന്നതിന് ബാങ്കുകളില്‍ ഫീസ് ഈടാക്കാറുണ്ട്. സ്വകാര്യ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളും കമ്മിഷന്‍ ഈടാക്കും. ഈ കടയില്‍ കമ്മിഷന്‍ ഈടാക്കിയിരുന്നില്ല. 5,000 ഡോളര്‍ മാറിയാല്‍ അതിനനുസരിച്ചുള്ള ഇന്ത്യന്‍ രൂപ മൊത്തമായി നല്‍കും. കടയില്‍ വലിയ തിരക്കായി. കടയുടമ കമ്മിഷന്‍ ഒഴിവാക്കിയത് വലിയൊരു തട്ടിപ്പിനുവേണ്ടിയായിരുന്നെന്ന് വിദേശികള്‍ മനസിലാക്കിയതേയില്ല. സ്വകാര്യ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ക്കും ജിന്റോയുടെ നീക്കം തിരിച്ചടിയായി. അവര്‍ ജിന്റോയോട് പരാതിപറയുകയും തര്‍ക്കം ഉണ്ടാകുകയും ചെയ്തെങ്കിലും തട്ടിപ്പിനെക്കുറിച്ച് മനസിലാക്കിയില്ല.

∙ വിദേശി വീട്ടിലേക്കു പറക്കും, നാട്ടില്‍നിന്ന് കടയുടമ പണം വലിക്കും

കടയിലെത്തുന്ന വിദേശികളോട് ജിന്റോ ജോയി സൗഹാര്‍ദപരമായി പെരുമാറിയതിനാല്‍ ആര്‍ക്കും സംശയം തോന്നിയില്ല. കടയിലെത്തുന്ന വിദേശ സഞ്ചാരികളുടെ ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ഇയാള്‍ സ്കിമ്മിംഗ് ഡിവൈസ്(എടിഎമ്മുകളിലും,പിഒഎസുകളിലും അനധികൃതമായി ഘടിപ്പിക്കുന്ന രഹസ്യ മാഗ്‌നെറ്റിക് റീഡറുകളുപയോഗിച്ച് വിവരങ്ങൾ ചോർത്തിയെടുത്ത് വ്യാജ കാർഡുകൾ നിർമിച്ച് പണം തട്ടാന്‍ ഉപയോഗിക്കുന്ന ഉപകരണം) ഉപയോഗിച്ച് ചോര്‍ത്തും. ചോര്‍ത്തിയ വിവരങ്ങള്‍ കാര്‍ഡ് റീഡിങ് മെഷീന്‍ ഉപയോഗിച്ച് ലാപ്ടോപ്പിലേക്ക് മാറ്റും. ഇതിനുശേഷം ബ്ലാങ്ക് കാര്‍ഡുകളിലേക്ക് പകര്‍ത്തി വ്യാജ എടിഎം കാര്‍ഡ് ഉണ്ടാക്കും. എല്‍ഇഡി ബള്‍ബിന്റെ വലിപ്പം മാത്രമുള്ള ഒളിക്യാമറ ഉപയോഗിച്ചാണ് കടയിലെത്തുന്നവരുടെ പിന്‍ നമ്പര്‍ കണ്ടെത്തിയിരുന്നത്. 

വിദേശികള്‍ അവരുടെ നാട്ടിലേക്ക് പോയെന്ന് ഉറപ്പാക്കിയശേഷം ബംഗളൂരൂവിലും കോയമ്പത്തൂരിലുമെത്തി വ്യാജ കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കും. പണം നഷ്ടപ്പെട്ടതെങ്ങനെയെന്നു വിദേശികള്‍ക്ക് മനസിലാകില്ല. സ്വദേശികളുടെ വ്യാജ എടിഎം കാര്‍ഡാണ് ഉണ്ടാക്കുന്നതെങ്കില്‍ ആ കാര്‍ഡുമായി വിദേശത്തേക്ക് പറക്കും. അവിടെനിന്ന് പണം പിന്‍വലിക്കും. തട്ടിപ്പ് എങ്ങനെ നടന്നെന്ന് ആര്‍ക്കും മനസിലാകില്ല.

∙ നിർണായകമായത് ബംഗളൂരുവിലെ സിസിടിവി

വര്‍ക്കലയിലുള്ള കടയിലെ ജീവനക്കാരില്‍നിന്ന് തട്ടിപ്പിന്റെ സൂത്രധാരനെ മനസിലായി. പക്ഷേ ആളെ തിരിച്ചറിയാന്‍ മാര്‍ഗമില്ല. അവസാനം പണം പിന്‍വലിച്ചിരിക്കുന്നത് ബംഗളൂരുവിലെ ഒരു എടിഎമ്മില്‍നിന്നാണെന്ന് മനസിലായ പൊലീസ് അവിടെയെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ആ സമയത്ത് പണം പിന്‍വലിച്ചിരിക്കുന്നത് തലയില്‍ മുടിയില്ലാത്ത ഒരാളാണ്. പൊലീസ് ആ സമയത്ത് ആ ടവറില്‍നിന്ന് പോയ കോളുകള്‍ പരിശോധിച്ചു. എറണാകുളത്തേക്ക് ഒരു കോള്‍ പോയിട്ടുണ്ട്. ആ നമ്പര്‍ പൊലീസ് വിശദമായി പരിശോധിച്ചു. നമ്പറിന്റെ ഉടമസ്ഥന്‍ ഇടയ്ക്കിടെ എറണാകുളത്തുനിന്നും ബംഗളൂരുവിലെത്തുന്നതായി മനസിലായി. ടെലഫോണ്‍ സേവനദാതാക്കളില്‍നിന്നും ആയാളുടെ ഫോട്ടോയും വിലാസവും ശേഖരിച്ചു.

എടിഎമ്മിലെത്തി പണം വലിച്ചതും എറണാകുളത്തേക്ക് വിളിച്ചതും ഒരേ ആളാണെന്നു മനസിലായി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അവസാനമായികാണിച്ചത് നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത്. പിന്നീട് ഫോണ്‍ ഓഫ് ആയി. വര്‍ക്കലയിലെ കടയില്‍ പരിശോധന നടക്കുമ്പോള്‍ ഇയാള്‍ നെടുമ്പാശേരി വഴി വിദേശത്തേക്ക് കടന്നതായി പിന്നീട് പരിശോധനയില്‍ വ്യക്തമായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ അന്വേഷണസംഘം വിദേശത്തേക്ക് പോയവരുടെ ലിസ്റ്റെടുത്തു. അതില്‍നിന്ന് ജിന്റോയെ(34) തിരിച്ചറിഞ്ഞു. ജിന്റോയുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ വിദേശ ഏജന്‍സികള്‍ക്ക് കൈമാറി. ഡല്‍ഹിയിലേക്ക് ജിന്റോ ടിക്കറ്റ് ബുക്കു ചെയ്തിട്ടുണ്ടെന്നു അവിടെനിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈബര്‍ സംഘം ഡല്‍ഹിയിലേക്ക് തിരിച്ചു. വിദേശത്തുനിന്ന് വന്നിറങ്ങിയ ജിന്റോയെ ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തു. പൊലീസ് തന്നെ പിന്തുടരുന്ന വിവരം ജിന്റോ മനസിലാക്കിയിരുന്നില്ല. താന്‍ സുരക്ഷിതനാണെന്ന ആത്മവിശ്വാസത്തിലായിരുന്നു അയാള്‍

∙പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പ്രതി

ജിന്റോ ആളു നിസാരക്കാരനല്ലെന്ന് സൈബര്‍ പൊലീസ് പറയുന്നു. 2015 ല്‍ ആലപ്പുഴയില്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ജിന്റോയുമായി വിശദമായ തെളിവെടുപ്പ് കേരളത്തിനകത്തും പുറത്തും നടത്തുകയാണ് പൊലീസ്. ഇരുപതു ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ലൈസന്‍സില്ലാതെയാണ് സ്ഥാപനം നടത്തിയത്. കടയിലെ ജീവനക്കാര്‍ക്ക് ഉടമസ്ഥനെക്കുറിച്ച് കൃത്യമായ വിവരം ഉണ്ടായിരുന്നില്ല. പണം പിന്‍വലിക്കുന്നത് ജിന്റോ നേരിട്ടായിരുന്നു. ആഡംബര ജീവിതത്തിനാണ് പണം ഉപയോഗിച്ചത്.

∙ അന്വേഷണ സംഘത്തിൽ ഇവർ

സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഡിവൈഎസ്പി ഇക്ബാലിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍മാരായ എന്‍. ബിജു, വിനോദ് കുമാര്‍, എസ്ഐ ജി.എസ്. രതീഷ്, സിവില്‍ പൊലീസ് ഓഫിസറായ ബി.എസ്. ബിനു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ അനീഷ്, ശോഭ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. 

∙ പിഒഎസ് മെഷിന്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം

കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്കാണ് പിഒഎസ് മെഷീന്‍ ഉപയോഗിക്കുന്നത്. ഉപഭോക്താവിന്റെ ഡെബിറ്റ് - ക്രഡിറ്റ് കാര്‍ഡുകളിലെ വിവരങ്ങള്‍ പരിശോധിച്ച് ആവശ്യമായ തുക അക്കൗണ്ടിലുണ്ടോ എന്നു പരിശോധിക്കുകയാണ് പിഒഎസ് മെഷിന്‍ ചെയ്യുന്നത്. ഇതിനുശേഷം ഉപഭോക്താവിന്റെ അക്കൗണ്ടില്‍നിന്ന് ഉപഭോക്താവ് നിര്‍ദേശിക്കുന്ന തുക കച്ചവടക്കാരന്റെ അക്കൗണ്ടിലേക്ക് കൈമാറും. ഇടപാട് പൂര്‍ത്തിയാക്കിയശേഷം ഇതിന്റെ പ്രിന്റ്‌ഔട്ട് നല്‍കും.

∙ സ്കിമ്മിങ്

എടിഎം, പിഒഎസ് തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സ്കിമ്മിങ് വഴിയാണ്. കാർഡിന്റെ ഡ്യൂപ്ലിക്കേറ്റുണ്ടാക്കാനുള്ള കാർഡ് സ്കിമ്മറുകൾ തുച്ഛമായ വിലയിൽ ലഭിക്കും. എടിഎം കൗണ്ടറുകളിൽ ഇതു ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.  സ്വൈപ്പിങ് മെഷീന് പുറമേ മറ്റേതെങ്കിലും ഉപകരണങ്ങളിൽ കാര്‍ഡ് സ്വൈപ്പ് ചെയ്യുന്നുണ്ടോയെന്നു ഉപഭോക്താക്കാള്‍ ശ്രദ്ധിക്കണം. എടിഎം പിൻ കൂടി ക്യാമറ വഴി ചോർത്തിയാൽ നിങ്ങളുടെ അക്കൗണ്ട് മറ്റൊരാൾക്ക് ഉപയോഗിക്കാനാകും.

∙ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കാർഡ് ഒരിക്കലും മറ്റൊരാളുടെ കൈവശം നൽകരുത്. പിഒഎസ് മെഷീനുകള്‍ ഉപഭോക്താവിന് അടുത്തേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെടുക

ഉപഭോക്താവ് തന്നെ കാർഡ് സ്വൈപ്പ് ചെയ്യുക. 

പിൻ നമ്പർ ആര്‍ക്കും കൈമാറാതിരിക്കുക. 

മെഷീനിൽ പിൻ ടൈപ്പ് ചെയ്യുമ്പോൾ മറ്റൊരു കൈ കൊണ്ട് മറച്ചുപിടിക്കുക. 

മെഷീനിൽ നൽകിയിരിക്കുന്നത് നിങ്ങൾ നൽകാനുള്ള തുക തന്നെയാണെന്ന് ഉറപ്പ് വരുത്തുക. 

മാഗ്നറ്റിക് സ്ട്രിപ്പ് കാർഡുള്ളർ ഇഎംവി ചിപ്പ് അധിഷ്ഠിത കാർഡ് മാറ്റിവാങ്ങുക. സാധാരണ ഡെബിറ്റ് കാർഡുകൾക്ക് പിറകിൽ കാണുന്ന ഇലക്‌ട്രോ മാഗ്നെറ്റിക് ബാൻഡുകളിലാണ് കാർഡുടമയുടെയും അക്കൗണ്ടിന്റെയും വിവരങ്ങൾ രേഖപ്പെടുത്തുക. കാർഡ് എടിഎമ്മുകളിൽ ഇടുമ്പോൾ ഈ വിവരങ്ങൾ മെഷീൻ റീഡ് ചെയ്‌തെടുക്കും. സ്‌കിമ്മിങ് മോഷണ രീതിക്ക് തടയിടാനായി ഡെബിറ്റ് കാർഡുകളെ ചിപ്പ് കാർഡുകളാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ബാന്റുകൾക്ക് പകരം കൂടുതൽ സുരക്ഷിതത്വമുള്ള ഇലക്‌ട്രോണിക് ചിപ്പുകൾ ഡെബിറ്റ് കാർഡിൽ ഉൾപ്പെടുത്തി അതിനുള്ളിലാണ് നിർണായക വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. എടിഎമ്മുകളിലെ ചിപ്പ് റീഡറുകൾക്ക് മാത്രമേ വിവരങ്ങൾ എടുക്കാൻ സാധിക്കുകയുള്ളൂ. ഇഎംവി എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്ത് നിർണായക വിവരങ്ങൾ സൂക്ഷിക്കുന്ന ഇന്റർഗ്രേറ്റഡ് സർക്യൂട്ടുകളാണ് ചിപ്പുകൾ. ഇപ്പോഴും മാഗ്നെറ്റിക് സ്ട്രിപ് മാത്രം പതിച്ച ഡെബിറ്റ് കാർഡുകൾ കയ്യിലിരിക്കുന്നവർ അവ ബാങ്കുകളിൽ തിരികെ നൽകി ചിപ്പ് കാർഡുകളാക്കി മാറ്റുന്നതാകും ഉചിതം.