ആ നഴ്സ് ‘കണ്ണു തുറന്നു’ നോക്കി; മരിച്ചെന്നു കരുതിയ വീട്ടമ്മയ്ക്കു പുതുജീവൻ

തിരുവനന്തപുരം∙ ദേഹത്തു മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചെന്ന് ഫയർഫോഴ്‌സും നാട്ടുകാരും വിധിയെഴുതിയപ്പോൾ ജീവന്റെ തുടിപ്പ് വീണ്ടെടുത്തു നൽകി ആംബുലൻസ് ജീവനക്കാർ. വിഴിഞ്ഞം വെങ്ങാനൂരിലാണു സംഭവം. 108 ആംബുലൻസിലെ ജീവനക്കാരുടെ സന്ദർഭോചിത ഇടപെടലിലാണു വീട്ടമ്മയുടെ ജീവൻ തിരിച്ചുകിട്ടിയത്.

മരിച്ചെന്നു വിധിയെഴുതി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു ബാലരാമപുരം ഭാഗത്തു വച്ച് ആംബുലൻസിലെ നഴ്‌സ് പ്രദീപ് വീട്ടമ്മയുടെ കണ്ണുകള്‍ പരിശോധിച്ചത്. വീട്ടമ്മയുടെ ശരീരത്തിൽ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞതോടെ ആംബുലൻസ് മെഡിക്കൽ കോളജിലേക്കു തിരിച്ചു.

കൂടെ ഉണ്ടായിരുന്ന ബന്ധുക്കൾക്കു പോലും ഇക്കാര്യം വിശ്വസിക്കാനായില്ല. ഇതിനിടെ ആംബുലൻസിൽ നൽകിയ പ്രഥമ ശുശ്രൂഷയിൽ വീട്ടമ്മ കൈകാലുകൾ അനക്കിത്തുടങ്ങി. 10 മിനിറ്റു കൊണ്ട് വീട്ടമ്മയെ ഡ്രൈവർ നിഖിൽ മെഡിക്കൽ കോളജിൽ എത്തിച്ചു. 70 ശതമാനം പൊള്ളലേറ്റ വീട്ടമ്മ ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.